AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rapper Vedan Leopard Tooth Case: പുലിപ്പല്ല് കേസിൽ വേടനെതിരെ കുറ്റം തെളിയിക്കാനായില്ല; വനം വകുപ്പിന് തിരിച്ചടി

Rapper Vedan Leopard Tooth Case Updates: വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടാതെ, സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്നതും ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

Rapper Vedan Leopard Tooth Case: പുലിപ്പല്ല് കേസിൽ വേടനെതിരെ കുറ്റം തെളിയിക്കാനായില്ല; വനം വകുപ്പിന് തിരിച്ചടി
റാപ്പർ വേടൻ Image Credit source: Social Media
nandha-das
Nandha Das | Updated On: 01 May 2025 15:05 PM

കൊച്ചി: പുലിപ്പല്ല് കേസിൽ വേടനെതിരെ കുറ്റം തെളിയിക്കാൻ വനം വകുപ്പിന് കഴിഞ്ഞില്ല. പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് പെരുമ്പാവൂർ സിജെഎം കോടതി വ്യക്തമാക്കി. വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടാതെ, സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്നതും ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

അതേസമയം, വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര നിയമപ്രകാരമാണ് പുലിപ്പല്ല് കേസ് എടുത്തതെന്നും, നിയമങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നുവെന്നും, വേടനെതിരെ കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.

എന്നാൽ, പുലിപ്പല്ല് കേസിൽ വേടന്റെ അറസ്റ്റിൽ മന്ത്രിയുടെ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നില്ല. അറസ്റ്റിനെ അനുകൂലിച്ചു കൊണ്ടുള്ള നിലപാ‌‌ടാണ് ആദ്യം മന്ത്രി സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ മന്ത്രിയു‌ടെ നിലപാട് മാറ്റത്തിൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് അതൃപ്തി ഉണ്ട്. ഉന്നത ഉദ്യോ​ഗസ്ഥരുടെ അനുമതി വാങ്ങിയതിന് ശേഷമാണ് വേ‌ടനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം നടപടികളെ മന്ത്രി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ALSO READ: ‘നാരായണീന്റെ മൂന്നാണ്മക്കളിലെ കസിൻസ് തമ്മിലുള്ള ബന്ധത്തിൽ അസ്വാഭാവികത ഒന്നും തോന്നിയില്ല’; സജിത മഠത്തിൽ

ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിന്ന് കയ്യടി ലഭിക്കുന്നതിന് വേണ്ടി മന്ത്രി വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ ബലിയാടാക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സേനയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന വിമർശനം. തൽക്കാലം വേടനെതിരെയുള്ള കേസിൽ തുടരന്വേഷണം ഉണ്ടാകില്ലന്നും സൂചനയുണ്ട്.