Pallikkettu Song by veeramani: മധുരമീനാക്ഷിയ്ക്കു മുന്നിൽ വേദന മറന്ന് വീരമണി അവസാനമായി പാടി…. പള്ളിക്കെട്ട് ശബരിമലയ്ക്ക്…
Pallikkettu sabarimalaykku song: അർബുദ ബാധിതനായിരുന്നിട്ടും സംഗീതവേദികളിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നില്ല. 1990 സെപ്റ്റംബർ 25-ന് മധുര മീനാക്ഷി ക്ഷേത്രാങ്കണത്തിൽ തീവ്രവേദന കടിച്ചുപിടിച്ച് നിറകണ്ണുകളോടെ അദ്ദേഹം പാടിയ അവസാന ഗാനവും 'പള്ളിക്കെട്ട്' തന്നെയായിരുന്നു

Pallikkettu Song
ഇരുമുടി താങ്കി…. എന്ന നീണ്ട വിരുത്തം…. ഒടുവിൽ താളാത്മകമായി ശരണം വിളിപോലെ പള്ളിക്കെട്ട് …. ശബരിമലയ്ക്ക് …. എന്നു തുടങ്ങി പിന്നങ്ങോട്ട് കൊട്ടിക്കേറുന്ന ആവേശത്താളം. പതിനെട്ടു പടികൾക്കപ്പുറത്തെ സ്വാമി സന്നിധിയിലേക്ക് കൈപിടിച്ചുയർത്തുന്ന അനുഭവം. വീരമണിയുടെ ശബ്ദത്തെപ്പറ്റി ഓർക്കുമ്പോൾ ആദ്യം ഓടിവരുന്ന ഗാനം ഇതുതന്നെയാകും. ജ്യേഷ്ഠൻ സോമുവും വയലിൻ വിദ്വാൻ ഗജയും ചേർന്ന് ചിട്ടപ്പെടുത്തിയ ഈ ഗാനം എഴുതിയത് ഷൺമുഖം എന്ന രചയിതാവാണ്.
കാഴ്ചയിൽ ഒരു ചെറിയ മനുഷ്യനായിരുന്നെങ്കിലും പാടിത്തുടങ്ങിയാൽ ആ പ്രദേശം മുഴുവൻ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു വീരമണിയുടെ ശബ്ദമെന്ന് അദ്ദേഹത്തിന്റെ ഗാനമേളകൾക്ക് സാക്ഷിയായവർ ഓർക്കുന്നു. സിനിമാനടൻ എം.എൻ. നമ്പ്യാരുടെ ശിഷ്യനായി 1970 മുതൽ എല്ലാ വർഷവും ശബരിമല സന്ദർശിച്ചിരുന്ന വീരമണി, സംഗീതത്തെ ഈശ്വരസാക്ഷാത്കാരത്തിനുള്ള വഴിയായാണ് കണ്ടത്. സിലോൺ റേഡിയോയിലെ തമിഴ് പ്രക്ഷേപണങ്ങളിലൂടെയാണ് ഈ പാട്ടുകൾ മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയത്.
Also Read: Sarvam Maya: കുതിപ്പുതുടർന്ന് സർവം മായ; നാല് ദിവസം കൊണ്ട് കളക്ഷൻ 50 കോടിയ്ക്കരികെ
അർബുദ ബാധിതനായിരുന്നിട്ടും സംഗീതവേദികളിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നില്ല. 1990 സെപ്റ്റംബർ 25-ന് മധുര മീനാക്ഷി ക്ഷേത്രാങ്കണത്തിൽ തീവ്രവേദന കടിച്ചുപിടിച്ച് നിറകണ്ണുകളോടെ അദ്ദേഹം പാടിയ അവസാന ഗാനവും ‘പള്ളിക്കെട്ട്’ തന്നെയായിരുന്നു. ആ പാട്ടിലൂടെ സ്വാമി സന്നിധിയിലേക്ക് ലയിച്ച ഗായകൻ പിന്നീട് ഒക്ടോബർ 29-ന് ഈ ലോകത്തോട് വിടപറഞ്ഞു. വീരമണിയുടെ വിയോഗശേഷം ജ്യേഷ്ഠൻ സോമു ‘വീരമണി സോമു’ എന്ന പേരിൽ സംഗീത യാത്ര തുടർന്നു. ഇന്ന് അദ്ദേഹത്തിന്റെ പുത്രന്മാരായ വീരമണി രാജുവും വീരമണി കണ്ണനും ആ മഹത്തായ ഗാനപാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
വിടവാങ്ങി മൂന്നര പതിറ്റാണ്ടിനിപ്പുറവും, ശരണമന്ത്രങ്ങൾ അന്തരീക്ഷത്തിൽ നിറയുമ്പോൾ വീരമണിയും അദ്ദേഹത്തിന്റെ ശബ്ദവും ഇല്ലാതെ മലയാളിക്ക് മണ്ഡലകാലമില്ല. വെറുമൊരു പാട്ടുകാരനായിരുന്നില്ല അദ്ദേഹം, മറിച്ച് സംഗീതം കൊണ്ട് ഭക്തിയുടെ പുണ്യം തീർത്ത താപസനായിരുന്നു.