Renu Sudhi: ‘ബിഗ് ബോസിൽ ഏറ്റവും കുറവ് പ്രതിഫലം ലഭിച്ചത് എനിക്ക്’; ആദ്യമായി തുറന്നുപറഞ്ഞ് രേണു സുധി
Renu Sudhi on Bigg Boss Remuneration: ബിഗ് ബോസിൽ നിന്ന് വിളിക്കുമ്പോൾ പ്രതിഫലത്തിന്റെ കാര്യം സംസാരിക്കാൻ തനിക്ക് അറിയില്ലായിരുന്നുവെന്നും മാനേജരായി കരിഷ്മ വന്നതിനു ശേഷമാണ് തനിക്ക് അർഹതപ്പെട്ട പേയ്മെന്റ് ലഭിച്ചുതുടങ്ങിയതെന്നും താരം പറയുന്നു.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു മലയാളികൾക്കിടയിൽ ചർച്ചയാകാൻ തുടങ്ങിയത്. തുടക്കത്തിൽ വിമർശനങ്ങളും പരിഹാസങ്ങളും രേണുവിനെ പിന്തുടർന്നെങ്കിലും ഒരിക്കൽ പോലും വിട്ടുകൊടുക്കാൻ രേണു തയ്യാറായിരുന്നില്ല. ഇതിനിടെയിലാണ് ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ മത്സരാർത്ഥിയായി രേണു എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ കണ്ട രേണുവിനെയായിരുന്നില്ല പ്രേക്ഷകർ ബിഗ് ബോസ് ഹൗസിൽ കണ്ടത്.
ഇതോടെ അധികം വൈകാതെ ഷോയിൽ നിന്ന് സ്വയം പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഇതിനു ശേഷം രേണുവിന്റെ ജീവിതം മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്. വിദേശ രാജ്യങ്ങളിലടക്കം ഉദ്ഘാടന ചടങ്ങിനും മറ്റും താരം അതിഥിയായി ക്ഷണിക്കപ്പെട്ടു. അതേസമയം ഇതിനിടയിൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് നടിയായ അനുമോളും രേണു സുധിയുമാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളോട് ആദ്യമായി മനസ് തുറക്കുകയാണ് രേണു. 24 മലയാളി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ബിഗ് ബോസ് ഹൗസിൽ ഏറ്റവും കുറവ് പ്രതിഫലം ലഭിച്ചത് തനിക്കായിരിക്കാം എന്നാണ് രേണു പറഞ്ഞത്. പതിനായിരം രൂപയായിരുന്നോ ലഭിച്ചത് എന്ന ചോദ്യത്തിന് അതിൽ താഴെ എന്നായിരുന്നു രേണു മറുപടി നൽകിയത്. 5000 എങ്കിലും കിട്ടിയോ എന്ന് ചോദിച്ചപ്പോൾ ഇനി ചോദിക്കരുതെന്നും രേണു പറയുന്നുണ്ട്. ബിഗ് ബോസിൽ നിന്ന് വിളിക്കുമ്പോൾ പ്രതിഫലത്തിന്റെ കാര്യം സംസാരിക്കാൻ തനിക്ക് അറിയില്ലായിരുന്നുവെന്നും മാനേജരായി കരിഷ്മ വന്നതിനു ശേഷമാണ് തനിക്ക് അർഹതപ്പെട്ട പേയ്മെന്റ് ലഭിച്ചുതുടങ്ങിയതെന്നും താരം പറയുന്നു.
ബിഗ് ബോസ് ഹൗസിൽ നിന്ന് വിളിക്കുമ്പോൾ തനിക്ക് വിലപേശാൻ അറിയില്ലായിരുന്നുവെന്നും ഒരു പ്രോഗ്രാമിന് പോലും എത്ര തുക വാങ്ങണമെന്ന് അറിയില്ലായിരുന്നുവെന്നും രേണു പറയുന്നു. തനിക്ക് ഇതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു. തനിക്ക് ലക്ഷങ്ങളും കോടികളുമൊന്നും ഉണ്ടാക്കാൻ അല്ല, തൻ്റെ മക്കൾക്കും വീട്ടുകാർക്കും അന്നന്നത്തെ വക മാത്രം കിട്ടിയാ മതിയെന്ന് ചിന്തിക്കുന്നയാളാണ് താൻ എന്നും രേണു പറഞ്ഞു. ഇപ്പോൾ കരിഷ്മ ഉള്ളകൊണ്ട് ഏകദേശം തനിക്ക് അർഹതപ്പെട്ട പേയ്മെന്റ് ലഭിക്കാറുണ്ടെന്നും രേണു കൂട്ടിച്ചേർത്തു.