Fahadh Faasil: പുഷ്പയില്‍ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയില്ല; ഇനി തെലുഗ് സിനിമ ചെയ്യില്ലെന്ന് ഫഹദ്
Fahadh Faasil Will No Longer Do Telugu Films: ഇത്രയേറെ വിജയം നേടി ചിത്രം മുന്നേറുമ്പോഴും അല്ലു അര്‍ജുന്റെ മാത്രം വിജയമായാണ് ആഘോഷിക്കപ്പെടുന്നതെന്നും സിനിമയിലെ പ്രധാന വില്ലനായ ഫഹദ് ഫാസിലിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതെല്ലാം ഫഹദിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ഫഹദ് ഫാസില്‍ (Image Credits: Screengrab)
ഫഹദ് ഫാസില്‍ തെലുഗ് സിനിമ ചെയ്യുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. പുഷ്പ 2 ലെ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെലുഗ് സിനിമാ മേഖലയില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറ്റം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അമര്‍ ഉജാല എന്ന മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുഷ്പ 2 വിന്റെ സംവിധായകനായ സുകുമാറിനോട് ഫഹദ് ഫാസില്‍ ദേഷ്യത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുഷ്പ 2 വലിയ വിജയം നേടിയാണ് ഹിന്ദിയില്‍ മുന്നേറുന്നത്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം 72 കോടി രൂപയാണ് നേടിയത്. പിന്നീട് മൂന്നാം ദിനം 200 കോടി ക്ലബ്ബിലും ചിത്രമെത്തി. എല്ലാ ബോളിവുഡ് സിനിമകളെയും പിന്തള്ളിയാണ് പുഷ്പ 2 ബോക്‌സ് ഓഫീസ് തകിടം മറിച്ചത്. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 800 കോടി ക്ലബ്ബിലും പുഷ്പ 2 പ്രവേശിച്ചുവെന്നാണ്.
ഇത്രയേറെ വിജയം നേടി ചിത്രം മുന്നേറുമ്പോഴും അല്ലു അര്‍ജുന്റെ മാത്രം വിജയമായാണ് ആഘോഷിക്കപ്പെടുന്നതെന്നും സിനിമയിലെ പ്രധാന വില്ലനായ ഫഹദ് ഫാസിലിനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതെല്ലാം ഫഹദിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. തെലുഗ് സിനിമകളില്‍ അഭിനയിക്കരുതെന്ന് ഫഹദ് പരിചയക്കാരോട് പറഞ്ഞുവെന്നും അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു.
പുഷ്പയുടെ ഒന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭന്‍വര്‍ സിങ് ഷെഖാവത്തിന്റെ ആമുഖം മാത്രമാണ് കാണിക്കുന്നതെന്നും പ്രസ്തുത കഥാപാത്രവും അല്ലു അര്‍ജുന്റെ കഥാപാത്രമായ പുഷ്പരാജും തമ്മിലുള്ള കൂടുതല്‍ സീനുകള്‍ രണ്ടാം ഭാഗത്തിലായിരിക്കും ഉണ്ടാവുക എന്നും സുകുമാര്‍ ഫഹദ് ഫാസിലിന് വാക്ക് നല്‍കിയിരുന്നു.
സുകുമാര്‍ വാക്ക് നല്‍കിയതുകൊണ്ട് ഫഹദ് പുഷ്പ ചെയ്യാമെന്ന് സമ്മതിച്ചത്. എന്നാല്‍ സിനിമയില്‍ ഫഹദിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. പുഷ്പ 2വിന് പൊതുവേ മോശം പ്രതികരണമാണ് കേരളത്തില്‍ നിന്ന് ലഭിച്ചിരുന്നതെങ്കിലും ഫഹദ് ഫാസിലിന്റെ അഭിനയം കാണാനായിട്ടായിരുന്നു ആരാധകര്‍ തിയേറ്ററുകളിലേക്കെത്തിയിരുന്നത്. എന്നാല്‍ ഈ സിനിമയില്‍ ഫഹദിനെ ചിത്രീകരിച്ചിരിക്കുന്ന രീതി ആരാധകരിലും നീരസമുണ്ടാക്കി.
ഫഹദും അല്ലു അര്‍ജുനും നേര്‍ക്കുനേര്‍ വരുന്ന ഒട്ടേറെ സീനുകള്‍ ചിത്രത്തിലുണ്ട്. എന്നാല്‍ ഇവയൊന്നും അവര്‍ ഒരുമിച്ച് നിന്ന് അഭിനയിച്ചതല്ലെന്ന് വ്യക്തമാകുന്ന തരത്തിലാണ് എഡിറ്റ് ചെയ്ത് വെച്ചിരിക്കുന്നതെന്നും അമര്‍ ഉജാല പറയുന്നു.
Also Read: Fahadh Faasil: ഫഹദ് ഫാസില്‍ ക്ഷത്രിയരെ അപമാനിച്ചു; കയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യും
പുഷ്പ 2 വിന്റെ റിലീസിന് ദിവസങ്ങള്‍ മുമ്പാണ് ഫഹദ് ഫാസില്‍ തന്റെ ആദ്യ ഹിന്ദി ചിത്രത്തിനായി ഒപ്പുവെക്കുന്നത്. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ഭാഭി നമ്പര്‍ 2 എന്ന ചിത്രമാണ് ഫഹദിന്റെ ആദ്യ ഹിന്ദി സിനിമ. നടി തൃപ്തി ദിമ്രിയാണ് ഫഹദിനൊപ്പം ചിത്രത്തില്‍ വേഷമിടുന്നത്.
അതേസമയം, പുഷ്പ 2 വില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ കര്‍ണി സേന നേതാവ് രാജ് ഷെഖാവത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. പുഷ്പ 2 എന്ന ചിത്രം ക്ഷത്രിയ സമുദായത്തെ അപമാനിച്ചതായാണ് രാജ് ഷെഖാവത്ത് ആരോപിക്കുന്നത്. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പേരായ ഭന്‍വര്‍ സിങ് ഷെഖാവത്ത് ആണ് രാജ് ഷെഖാവത്തിനെ ചൊടിപ്പിച്ചത്.
ഷെഖാവത്ത് എന്ന പേരുള്ളയാള്‍ക്ക് നെഗറ്റീവ് റോള്‍ നല്‍കിയെന്നും ഈ കഥാപാത്രം വഴി മുഴുവന്‍ ക്ഷത്രിയരെയും അപമാനിക്കുകയാണ് സിനിമ നിര്‍മാതാക്കള്‍ ചെയ്തതെന്നുമാണ് രാജ് ഷെഖാവത്ത് പറയുന്നത്.
ഷെഖാവത്ത് എന്ന പേര് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നത് ക്ഷത്രിയ സമുദായത്തെ അധിക്ഷേപിക്കുന്നതിനായാണ്. ചിത്രത്തില്‍ നിന്ന് ആ പേര് ഉടനടി മാറ്റിയില്ലെങ്കില്‍ നിര്‍മാതാക്കള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നും രാജ് ഷെഖാവത്ത് ഭീഷണി മുഴക്കുന്നു.