RJ Anjali Controversy: പ്രാങ്ക് കോൾ വിവാദം; ‘ഞാൻ ക്ഷമ ചോദിച്ചു, എന്റെ ജോലി പോയിട്ടില്ല’; വിശദീകരണവുമായി ആർജെ അഞ്ജലി
RJ Anjali on Prank Call Controversy: ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്ദി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ രീതിയിൽ സംസാരിക്കുന്നതാണ് വീഡിയോ. സ്വകാര്യ ഭാഗത്ത് മെഹന്ദി ഇടാൻ എത്രയാണ് റേറ്റ് എന്നാണ് ഇവർ ചോദിക്കുന്നത്.

പ്രാങ്ക് കോൾ വിവാദത്തിന് പിന്നാലെ ആർജെ അഞ്ജലി ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തൻ്റെ ജോലി പോയെന്ന് പറഞ്ഞ് വരുന്ന കമന്റുകൾ അടിസ്ഥാനരഹിതമാണെന്ന് വിശദീകരിച്ച് എത്തിയിരിക്കുകയാണ് അഞ്ജലി. താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ മാർച്ചിൽ തന്നെ രാജിവെച്ചിരുന്നുവെന്നും തന്റെ പേജിലൂടെ താൻ ഒരുപാടു ആളുകളെ സഹായിക്കാറുണ്ടെന്നും ആർജെ അഞ്ജലി പറയുന്നു. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ താരം ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ആർജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോൾ ആണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്ദി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ രീതിയിൽ സംസാരിക്കുന്നതാണ് വീഡിയോ. സ്വകാര്യ ഭാഗത്ത് മെഹന്ദി ഇടാൻ എത്രയാണ് റേറ്റ് എന്നാണ് ഇവർ ചോദിക്കുന്നത്. സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ചുകൊണ്ട് അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തു.
“ഞാൻ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതിൽ ഇനി അർത്ഥമില്ല. ഞാൻ പറഞ്ഞ കാര്യം പൊതുസമൂഹത്തെ മുറിവേൽപ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മീശമാധവൻ സിനിമയിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട രംഗത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം നിങ്ങൾ രേഖപ്പെടുത്തും എന്നായിരുന്നു. പക്ഷെ ആ വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്ന് ഞങ്ങൾ ഒരു രീതിയിലും വിചാരിച്ചിട്ടില്ല.
ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് പ്രാങ്ക് കോൾ ചെയ്യേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത്. വിളിക്കുന്ന ആളുകളുടെ പേരോ ഐഡന്റിറ്റിയോ ഒരു കാരണവശാലും വെളിപ്പെടുത്താറില്ല. ഇവിടെ യാതൊരു ന്യായീകരണങ്ങൾക്കും പ്രസക്തിയില്ലെന്ന് മനസിലാക്കുന്നു. അതിനാൽ എന്റെ ഭാഗത്ത് നിന്ന് ഇത്തരം തെറ്റുകൾ ഇനിമേൽ വരാതിരിക്കാൻ പൂർണമായ പരിശ്രമം ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു” അഞ്ജലി പറഞ്ഞു.