Shah Rukh Khan: ഷാരൂഖ് ഖാന് 59-ാം ജന്മദിനത്തിൽ ഓസ്കാർ അക്കാദമിയുടെ സർപ്രൈസ് ഗിഫ്റ്റ്
Shah Rukh Khan Birthday Tribute From Oscar Academy: ഓസ്കാർ അക്കാദമി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ഷാരൂഖ് ഖാന് ആദരമർപ്പിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്.

നടൻ ഷാരൂഖ് ഖാൻ (Image Credits: Shah Rukh Khan Facebook)
മുംബൈ: ബോളിവുഡിന്റെ കിംഗ് ഖാന് 59-ാം ജന്മദിനത്തിൽ ഓസ്കാർ അക്കാദമിയുടെ പിറന്നാൾ സമ്മാനം. ഷാരൂഖ് ഖാന് ആദരമർപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഓസ്കർ അക്കാദമി പങ്കുവെച്ചത്. നവംബർ രണ്ടിനായിരുന്നു ഷാരൂഖിന്റെ പിറന്നാൾ. അദ്ദേഹത്തിന്റെ ചിത്രമായ ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിലെ നടന്റെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിലൊന്നാണ് വീഡിയോയിൽ ഉള്ളത്. ഓസ്കാർ അക്കാദമിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ‘ദ അക്കാദമി’ വഴിയാണ് വീഡിയോ പങ്കുവെച്ചത്.
‘അമ്മയുടെ അവബോധം എപ്പോഴും ശെരിയാണ്’ എന്ന അടികുറിപ്പോടെ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം തന്നെ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ‘കഭി ഖുഷി കഭി ഗം’. 2001-ൽ കരൺ ജോഹറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ചിത്രത്തിലെ ആദ്യ രംഗമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഹെലികോപ്റ്ററിൽ നിന്നും താരം ഇറങ്ങിവരുന്നതും, തുടർന്ന് അമ്മയും മകനും തമ്മിലെ വൈകാരിക നിമിഷങ്ങളും നിറഞ്ഞ സീൻ ആണ് ഇൻട്രോയിൽ. മകൻ തിരിച്ച് വീട്ടിൽ കാലുകുത്തുമ്പോൾ അമ്മ അത് ഉള്ളുകൊണ്ട് അറിയുന്നു. അങ്ങനെ പൂജാ താലവുമായി വന്ന് അമ്മ മകനെ സ്വീകരിക്കുന്നതാണ് രംഗം. അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയ ബച്ചനാണ്. അമിതാഭ് ബച്ചൻ, ഋത്വിക് റോഷൻ, കരീന കപൂർ, കജോൾ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
ALSO READ: കാത്തിരിപ്പിന് വിരാമം! ‘Nayanthara: Beyond The Fairy Tale’ വെള്ളിത്തിരയിലേക്ക്; റിലീസ് നവംബർ 18-ന്
അതേസമയം, ഓസ്കാർ അക്കാദമി പലപ്പോഴും ഷാരുഖിന് ആദരവ് നൽകാറുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ, താരത്തിന്റെ ‘ദിൽവാലെ ദുൽഹനിയ ലേ ജായെങ്കെ’യിലെ മെഹന്തി ലഗേ കെ രഖ്‌ന എന്ന ഗാനരംഗം അവർ അവതരിപ്പിച്ചിരുന്നു. നിലവിൽ, സുജോയ് ഘോഷ് സംവിധാനം ചെയുന്ന ‘കിങ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. 2026-ൽ ഈ ചിത്രം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ.