Shine Tom Chacko: ‘നീ അത്ര പ്രശ്നക്കാരനായ കുട്ടിയല്ല, കുറുമ്പ് മാറ്റിയാൽ മതി’; മമ്മൂട്ടി പറഞ്ഞത് ഇങ്ങനെയെന്ന് ഷൈൻ ടോം ചാക്കോ
Shine Tom Chacko On Mammootty: വാഹനാപകടത്തിന് പിന്നാലെ ചികിത്സയിൽ കഴിയുന്ന സമയത്ത് മമ്മൂട്ടി തന്നെ വിളിച്ചിരുന്നു എന്ന് ഷൈൻ ടോം ചാക്കോ. മുൻപും തനിക്ക് മമ്മൂട്ടി എനർജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് മമ്മൂട്ടി വിളിച്ചിരുന്നു എന്ന് ഷൈൻ ടോം ചാക്കോ. നീ അത്ര പ്രശ്നക്കാരനായ കുട്ടിയല്ല, കുറുമ്പ് മാറ്റിയാൽ മതിയെന്ന് പറഞ്ഞ് മമ്മൂട്ടി പിന്തുണ നൽകിയെന്നും ഷൈൻ പറഞ്ഞു. പല സമയങ്ങളിലും മമ്മൂട്ടി തനിക്ക് എനർജി തന്ന് മെസേജ് അയക്കാറുണ്ട് എന്നും ഷൈൻ ക്യൂവിനോട് പ്രതികരിച്ചു.
“മമ്മൂക്കയോട് ഞാൻ പറഞ്ഞു, മമ്മൂക്കാ എൻ്റെ പിന്നാലെ നടന്ന് ഡാഡി പോയി. ‘ങാ, ഞാനറിഞ്ഞു’ എന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്കയും ഒരു ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സമയമാണല്ലോ. മമ്മൂക്ക പക്ഷേ, എനിക്ക് എനർജി തന്നു. ‘എടാ, നീ അത്ര പ്രശ്നക്കാരനായ ഒരു കുട്ടിയൊന്നും അല്ല. ഇത്തിരി കുറുമ്പുള്ളൊരു കുട്ടിയാണെന്നേയുള്ളൂ. അതൊന്ന് മാറ്റിയാൽ മതി, അത്രേയുള്ളൂ. നീ വലിയ പ്രശ്നക്കാരനൊന്നുമല്ല. നമുക്ക് ഇനിയും പടം ചെയ്യാം.’ ഞാൻ മമ്മൂക്കയോട് പറഞ്ഞു, മമ്മൂക്കയും വേഗം വാ, നമുക്കൊരു പടം ചെയ്യാനുള്ളതാണ്.’ ‘ങാ ഓക്കെ, എല്ലാം ശരിയാവും. വിഷമിക്കുകയൊന്നും വേണ്ട. നമ്മൾ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം നമ്മുടെ കൂടെ വന്നോളും’ എന്ന് മമ്മൂക്ക പറഞ്ഞു.”- ഷൈൻ ടോം ചാക്കോ വിശദീകരിച്ചു.




“രമേഷ് പിഷാരടിയും ചാക്കോച്ചനും ചേർന്ന് കാണാൻ വന്നപ്പോഴായിരുന്നു സംസാരിച്ചത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ചുതന്നത്. മമ്മൂക്ക പറഞ്ഞു, ‘ഞാൻ മെസേജ് വിട്ടിട്ടുണ്ടായിരുന്നു’ എന്ന്. ആ സമയത്ത് ഞാൻ മൊബൈലൊന്നും ഉപയോഗിച്ചിരുന്നില്ല. ഞാൻ നോക്കുമ്പോൾ മമ്മൂക്കയുടെ മെസേജ് വന്നിട്ടുണ്ട്. ഇതിന് മുൻപ് കൊക്കെയിൻ കേസ് ജയിച്ച സമയത്ത് മമ്മൂക്കയുടെ മെസേജ്, ഗോഡ് ബ്ലെസ് യൂ എന്ന്. ഞാൻ ആലോചിച്ചു, എന്തിനാണ് മമ്മൂക്ക ഇങ്ങനെ മെസേജ് അയക്കുന്നതെന്ന്. ഞങ്ങൾ സ്ഥിരമായി ഫോണിൽ സംസാരിക്കുന്നവരൊന്നുമല്ല. എനിക്ക് മെസേജ് അയച്ചതുകൊണ്ട് മമ്മൂക്കയ്ക്ക് പ്രത്യേകിച്ച് ഹൈ ഒന്നും കിട്ടാനില്ല. പക്ഷേ, വേണ്ട സമയത്ത് ആ ഒരു എനർജി തരുന്നത് പോലെ ഒരു മെസേജ് വരും.”- ഷൈൻ തുടർന്നു.