Shobana: ‘അങ്ങനെ വരുന്ന കുട്ടികളെ ഡാൻസ് പഠിപ്പിക്കാറില്ല, പോകാൻ പറയും’: ശോഭന
Shobana on Teaching Dance: തന്റെ വിദ്യാർഥിയാകാൻ വേണ്ട മാനദണ്ഡങ്ങളെ കുറിച്ചാണ് അഭിമുഖത്തിൽ ശോഭന സംസാരിച്ചത്. നൃത്തത്തോട് അഭിനിവേശമുള്ളവരെയാണ് താൻ തിരഞ്ഞെടുക്കാറെന്ന് ശോഭന പറയുന്നു.
തന്റെ 55 -ാം വയസിലും നൃത്തവേദികളിൽ സജീവമാണ് നടി ശോഭന. അടുത്തിടെ നൽകിയ അഭിമുഖത്തിൽ താൻ നൃത്തം പഠിപ്പിക്കുന്നതിനെ കുറിച്ച് ശോഭന തുറന്നു സംസാരിച്ചിരുന്നു. നൃത്തത്തോട് അഭിനിവേശമുള്ളവരെയാണ് താൻ തിരഞ്ഞെടുക്കാറെന്ന് ശോഭന പറയുന്നു. തന്നെ കാണണം എന്ന ഉദ്ദേശത്തോടു കൂടി മാത്രം വരുന്ന ചില കുട്ടികൾ ഉണ്ടെന്നും, അവർക്ക് അഡ്മിഷൻ കൊടുക്കാറില്ലെന്നും നടി വ്യക്തമാക്കി. റിപ്പോർട്ടർ ലൈവിൽ സംസാരിക്കുകയായിരുന്നു ശോഭന.
തന്റെ വിദ്യാർഥിയാകാൻ വേണ്ട മാനദണ്ഡങ്ങളെ കുറിച്ചാണ് അഭിമുഖത്തിൽ ശോഭന സംസാരിച്ചത്. അഭിനിവേശം ഉണ്ടായിരിക്കണം. ചില പിള്ളേർക്ക് നാല് വയസ് മുതൽ നൃത്താൽ പഠിച്ചു തുടങ്ങാം. ചില കുട്ടികൾക്ക് തന്നെ കാണണം എന്ന് മാത്രമേ ഉണ്ടാകൂ. അവർക്ക് അഡ്മിഷൻ കിട്ടില്ല. കലയിൽ പ്രത്യേകിച്ച് നിയമങ്ങൾ ഒന്നുമില്ല. ഈ കുട്ടിക്ക് നന്നായി വരും എന്നൊന്നും പറയാൻ കഴിയില്ല. ചില കുട്ടികൾ പഠിച്ചുകൊണ്ടേയിരിക്കും, 15 വർഷം കഴിഞ്ഞാലും അരങ്ങേറാൻ കഴിയില്ല എന്നും ശോഭന പറഞ്ഞു.
കുട്ടികളുടെ അഭിനിവേശം അവരുടെ കണ്ണുകളിൽ അറിയാമെന്നും നടി പറയുന്നു. പ്രായമായവരും നൃത്തം പഠിക്കണമെന്ന് പറയാറുണ്ട്. നന്നായി അധ്വാനിച്ചാൽ അവർക്കും അതിന് സാധിക്കും. പ്രായം പ്രശ്നമല്ല. എന്നാൽ ആഗ്രഹം മാത്രം ഉണ്ടായാൽ പോയാൽ, അവരുടെ ശരീരവും അതിന് സഹകരിക്കണം. ആരോഗ്യം വേണമെന്നും നടി പറയുന്നു. താൻ നൃത്തത്തിൽ നിന്ന് ബ്രേക്ക് എടുത്തിട്ടില്ല. തനിക്കെല്ലാം പ്രേക്ഷകരും ഒന്നാണ്. താൻ ഡാൻസിൽ മാറ്റങ്ങൾ വരുത്താറുണ്ടെങ്കിലും തന്റെ വിദ്യാർത്ഥികളെ അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കാറില്ല എന്നും ശോഭന പറഞ്ഞു.
ഡാൻസ് വെറുതെ ഒന്ന് പരീക്ഷിച്ച് നോക്കാം, പിള്ളേർക്ക് കുറച്ച് എളുപ്പവഴികൾ വേണമെന്നെല്ലാം പറഞ്ഞാൽ അത് ചെയ്യാൻ കഴിയില്ലെന്ന് താൻ പറയും. കാരണം നിങ്ങൾ എങ്ങനെ പരീക്ഷണം നടത്തുന്നു എന്നത് നോക്കേണ്ടത് തന്റെ ജോലിയല്ല. ഒരു കലയിൽ നമുക്ക് ആഴമായ അറിവുണ്ടെങ്കിൽ പിന്നീട് പരീക്ഷണം ചെയ്താൽ ചിലപ്പോൾ വിജയിച്ചെന്ന് വരാം. ഒന്നുമറിയാതെ ചെയ്തിത്തിട്ട് അധ്യാപകരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അതുകൊണ്ട് ഇവിടെ വരുമ്പോൾ വലിയ ക്രിയാത്മകത വേണ്ട. പുറത്തുപോയി സ്വന്തം ക്ലാസ് തുടങ്ങുമ്പോൾ അങ്ങനെ ചെയ്തോളൂ എന്ന് താൻ പറയാറുണ്ടെന്നും ശോഭന കൂട്ടിച്ചേർത്തു.
ALSO READ: ‘അടുത്ത വിവാഹം എന്റേതായിരിക്കും, ഒന്നര വർഷത്തിനുള്ളിൽ ഉണ്ടാകും’; അഹാന കൃഷ്ണ
ശോഭന എന്ന സിനിമാ താരത്തെ മാത്രം കണ്ട് ഡാൻസ് പഠിക്കാൻ വരുന്നവർ ഉണ്ടെന്നും അത്തരം കുട്ടികളെ സ്വീകരിക്കാറില്ലെന്നും ശോഭന പറഞ്ഞു. വന്ന ഉടനെ ചിലർ ഫോട്ടോ ചോദിക്കാറുണ്ട്. പഠിക്കാൻ ആണോ അതോ ഫാൻ ആയിട്ടാണോ വന്നതെന്ന് താൻ ചോദിക്കും. അങ്ങനെയുള്ളവർക്ക് അഡ്മിഷൻ കൊടുക്കാറില്ല. ഫാൻ ആണെങ്കിൽ ഫോട്ടോ എടുത്തിട്ട് പോകാൻ പറയുമെന്നും ശോഭന വ്യക്തമാക്കി. പിള്ളേരെല്ലാം തനിക്ക് ഒന്നാണ്. ചിലർക്ക് ശ്രദ്ധയുണ്ടാക്കും. ചിലർക്കുണ്ടാകില്ല. എല്ലാ സ്‌കൂളിലെയും പോലെയല്ല. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വീടുകളിലെ കുട്ടികളെ സഹായിക്കാറുണ്ട്. അവർ അഞ്ചും പത്തും വർഷം പഠിക്കാറുണ്ട്. ഇപ്പോഴും പഠിക്കുന്നുണ്ടെന്നും ശോഭന പറഞ്ഞു.