Vetri Maaran-Simbu Movie: വെട്രി മാരൻ – സിമ്പു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു; അതിഥി വേഷത്തിൽ ജെയ്‌ലറിന്റെ സംവിധായകൻ
Silambarasan - Vetrimaaran Film Shoot Begins: സംവിധായകൻ നെൽസൺ ദിലീപ് കുമാറിന് പുറമെ കവിൻ, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 'വട ചെന്നൈ'യിൽ അഭിനയിച്ച ആൻഡ്രിയ ജെറീമിയ, സമുദ്രക്കനി, കിഷോർ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

നടൻ സിലംബരസനെ (സിമ്പു) നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള പുതിയ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റൊരാളാണ്. ‘ഡോക്ടർ’, ‘ജയിലർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് പുതിയ വിവരം. സിനിമയുടെ അണിയറ പ്രവർത്തകരെ ഉദ്ദരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ സിനിമയുടെ പ്രൊമോ ഷൂട്ടാണ് ആരംഭിച്ചത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് വിവരം. വെട്രിമാരൻ – ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഐക്കോണിക്ക് ചിത്രമായ ‘വട ചെന്നൈ’യുടെ തുടർച്ചയാണ് ഈ ചിത്രമെന്ന് പറയപ്പെടുന്നു. സംവിധായകൻ നെൽസൺ ദിലീപ് കുമാറിന് പുറമെ കവിൻ, മണികണ്ഠൻ എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ‘വട ചെന്നൈ’യിൽ അഭിനയിച്ച ആൻഡ്രിയ ജെറീമിയ, സമുദ്രക്കനി, കിഷോർ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.
ALSO READ: ഹാരി പോട്ടറിലെ ഇന്ത്യക്കാരി പാർവതി പാട്ടിൽ ആയി ഇറ്റാലിയൻ നടി; വിമർശിച്ച് സോഷ്യൽ മീഡിയ
ആദ്യം ‘വട ചെന്നൈ’യിൽ സിലംബരസൻ പ്രധാന വേഷത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, പിന്നീട് പലകാരണങ്ങൾ കൊണ്ടും അത് നടക്കാതെ വന്നു. ഒടുവിൽ ധനുഷ് ചിത്രത്തിലേക്ക് എത്തുകയായിരുന്നു. തമിഴ് സിനിമയിലെ എക്കാലത്തെയും കൾട്ട് ക്ലാസിക്കുകളിൽ ഒന്നാണിത്. ചിത്രത്തിന് മൂന്ന് ഭാഗങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ സംവിധായകൻ വെട്രിമാരൻ വ്യക്തമാക്കിയിരുന്നു. ഇതോടെ, രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, ‘വട ചെന്നൈ 2’ തീർച്ചയായും സംഭവിക്കുമെന്ന് ധനുഷും ഉറപ്പ് നൽകിയിരുന്നു.