Amrutha Suresh: ‘എനിക്ക് പറ്റിയ പുതിയ മണ്ടത്തരം! കാര്യങ്ങൾ കൈവിട്ട് പോയി, മെസേജ് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല’; അമൃത സുരേഷ്
Amrutha Suresh Viral Video: വാട്സ്ആപ്പ് സ്കാം വഴി തന്റെ പക്കലിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തതിനെ കുറിച്ചാണ് അമൃത പറയുന്നത്. പണം ആവശ്യപ്പെട്ട് കസിന്റെ മസേജ് വന്നപ്പോൾ അത്യാവശ്യമാകുമെന്ന് കരുതി മറിച്ച് ഒന്നും ചിന്തിക്കാതെ പണം ഗൂഗിൾ പെ ചെയ്യുകയായിരുന്നുവെന്നാണ് അമൃത സുരേഷ് പറയുന്നത്.
മലയാളികൾക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് പറ്റിയ വലിയൊരു അബദ്ധത്തെ കുറിച്ചാണ് താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. വാട്സ്ആപ്പ് സ്കാം വഴി തന്റെ പക്കലിൽ നിന്ന് അരലക്ഷം രൂപയോളം തട്ടിയെടുത്തതിനെ കുറിച്ചാണ് അമൃത പറയുന്നത്. പണം ആവശ്യപ്പെട്ട് കസിന്റെ മസേജ് വന്നപ്പോൾ അത്യാവശ്യമാകുമെന്ന് കരുതി മറിച്ച് ഒന്നും ചിന്തിക്കാതെ പണം ഗൂഗിൾ പെ ചെയ്യുകയായിരുന്നുവെന്നാണ് അമൃത സുരേഷ് പറയുന്നത്.
അമൃതം ഗമയ എന്ന യൂട്യൂബ് ചാനലീലൂടെയായിരുന്നു അമൃത സുരേഷിന്റെ പ്രതികരണം. തനിക്ക് പറ്റിയ പുതിയ മണ്ടത്തരത്തെ കുറിച്ചാണ് ഈ വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീണ്ടും പണി കിട്ടിയെന്നും 45000 രൂപയോളം അമൃതയ്ക്ക് നഷ്ടപ്പെട്ടുവെന്നും സഹോദരി അഭിരാമി വീഡിയോയിൽ പറയുന്നു. വാട്സ്ആപ്പ് സ്കാമിൽ താനും ഉൾപ്പെട്ടെന്നും ഇതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അമൃത വീഡിയോയിൽ പറയുന്നു.
ഒരു ദിവസം സ്റ്റുഡിയോയിലായിരിക്കുമ്പോഴാണ് തങ്ങളുടെ കസിൻ ചേച്ചി പണം ആവശ്യപ്പെട്ട് മെസേജ് അയച്ചത്. അത്യാവശ്യമായി 45000 രൂപ അയക്കാമോ എന്നാണ് ചോദിച്ചത്. ഒപ്പം ഒരു യുപിഐ ഐഡിയും അയച്ചു. ചേച്ചിയുടെ യുപിഐ വർക്ക് ചെയ്യുന്നില്ല അതുകൊണ്ട് ഇതിലേക്ക് അയക്കാനാണ് പറഞ്ഞത്. എമർജൻസി ആയതുകൊണ്ട് താൻ കൂടുതൽ ഒന്നും ചോദിച്ചില്ലെന്നും ഉടനെ പണം അയച്ചുകൊടുത്തുവെന്നും താരം പറയുന്നു. പണം അയച്ച് അതിന്റെ സ്ക്രീൻ ഷോട്ടും തന്റെ ഒരു സെൽഫിയും അയച്ചുകൊടുത്തുവെന്നും അമൃത പറഞ്ഞു. എന്നാൽ ഇതിനു ശേഷം വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ താൻ ചേച്ചിയെ വീഡിയോ കോൾ ചെയ്തു. പക്ഷേ കോൾ കട്ട് ചെയ്തു. പിന്നാലെ നോർമൽ കോൾ വിളിച്ചപ്പോൾ ചേച്ചി കരയുന്നതാണ് കേട്ടത്.
വാട്സ് ആപ്പ് ഹാക്ക് ചെയ്തുവെന്നും പൈസയൊന്നും അയച്ച് കൊടുക്കരുതെന്നും തന്നോട് ചേച്ചി പറഞ്ഞു. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നുവെന്നാണ് അമൃത പറയുന്നത്. തങ്ങൾ ഇക്കാര്യം സൈബർ സെല്ലിൽ പരാതിപ്പെട്ടുവെങ്കിലും കാര്യമുണ്ടായില്ല. അപ്പോഴേക്കും തട്ടിപ്പ് സംഘം പണം എടിഎമ്മിൽ നിന്നും പിൻവലിച്ചിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ സൈബർ സെല്ലിൽ സഹായം തേടിയാൽ പണം ചിലപ്പോൾ തിരികെ കിട്ടുമായിരുന്നുവെന്നും അമൃത വീഡിയോയിൽ പറയുന്നു.