Hanan Shah: ‘ആദ്യം തിരക്കിയത് ആശുപത്രിയിലായവരെ കുറിച്ച്; അവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ അങ്ങേയറ്റം സങ്കടമുണ്ടാക്കി’; ഹനാന്‍ ഷാ
Singer Hanan Shah About Kasaragod Event: താൻ ആദ്യം തിരക്കിയത് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെയാണെന്നും അവസാനത്തെ ഹെല്‍ത്ത് വേളന്‍റിയര്‍ ആശുപത്രി വിടുമ്പോല്‍ കൂടെ ഉണ്ടായിരുന്ന ഒരാള്‍ താന്‍ ആയിരുന്നുവെന്നും ഹനാൻ ഷാ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
കാസർഗോഡ്: കഴിഞ്ഞ ദിവസമായിരുന്നു കാസർഗോഡ് യുവ ഗായകൻ ഹനാൻ ഷായുടെ സംഗീത പരിപാടിയിൽ തിക്കിലും തിരക്കിലുപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റത്. അപകടത്തിൽ പലർക്കും ശ്വാസതടസം അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പരിപാടി നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ തനിക്ക് അങ്ങേയറ്റം സങ്കടം ഉണ്ടെന്നും എന്താണ് അന്ന് സംഭവിച്ചതെന്നും വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ഗായികയുമായ ഹനാൻ ഷാ.
പരിപാടിക്ക് വന്ന ആള്‍ക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആലോചിച്ചു താൻ അങ്ങേയറ്റം സങ്കടത്തിലാണെന്നും വലിയ അപകടങ്ങൾ ഒഴിവാക്കാനാണ് താൻ അവിടെ നിന്ന് പെട്ടെന്ന് മടങ്ങിയതെന്നും താരം വ്യക്തമാക്കി. താൻ ആദ്യം തിരക്കിയത് ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെയാണെന്നും അവസാനത്തെ ഹെല്‍ത്ത് വേളന്‍റിയര്‍ ആശുപത്രി വിടുമ്പോല്‍ കൂടെ ഉണ്ടായിരുന്ന ഒരാള്‍ താന്‍ ആയിരുന്നുവെന്നും ഹനാൻ ഷാ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

Hanan Shah
Also Read:‘ഒരുപാട് പ്രതീക്ഷകളോടെയാണ് എത്തിയത്; കാസർകോടിന്റെ സ്‌നേഹം എന്നും ഞാനോർക്കും’; ഹനാൻ ഷാ
പോസ്റ്റിന്റെ പൂർണ രൂപം
ഈവൻറ് കഴിഞ്ഞ് ഇന്ന് രണ്ടാം ദിവസമാണ്. പരിപാടിക്ക് വന്ന ആൾക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആലോചിച്ചു മാത്രം എൻറെ മനസ് അങ്ങേയറ്റം സങ്കടത്തിലാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാസർകോട് അന്ന് ഒത്തുകൂടിയ എല്ലാവരും എന്നെ കാണാനും ഞാൻ നിങ്ങളെ കാണാനും നിങ്ങൾക്ക് വേണ്ടി പാടാനും വന്നവനാണ്. തലേന്ന് ഫ്ലൈറ്റ് ക്യാൻസലായി പരിപാടി നടക്കില്ല എന്ന സാഹചര്യത്തിൽ ഉറക്കമില്ലാതെ രണ്ട് കണക്ഷൻ ഫ്ലൈറ്റിൽ കേറീട്ടാണ് ഓൺ ടൈമിൽ ഞാൻ കാസർകോട് എത്തുന്നത്. ലാസ്റ്റ് മിനിറ്റ് ടിക്കറ്റ് ആയതുകൊണ്ട് കൂടെ ഉള്ളവർക്ക് വരാനുമായില്ല. ഒരിടവേളയ്ക്ക് ശേഷം വരുന്നത് ആയതുകൊണ്ട് തന്നെ എല്ലാവരെയും കാണാനും വേദിയിൽ കുറച്ചധികം സമയം സ്പെൻഡ് ചെയ്യാനും ഞാൻ റെഡി ആയിരുന്നു. കമ്മിറ്റിയോട് ഞാൻ വരുന്നതിന് മുന്നെ ഈവൻറ് കഴിഞ്ഞിട്ടും ആൽക്കാരുടെ കൂടെ ഫോട്ടോ എടുക്കാൻ ഞാൻ തയ്യാറാണെന്നും പറഞ്ഞിരുന്നു. അങ്ങനെ വേദിയിലേക്ക് വരാനിരിക്കെയാണ് സംഭവങ്ങളെ കുറിച്ച് അറിയുന്നത്. ടിക്കറ്റ് എടുത്തതിനെക്കാൾ ആളുകൾ പുറത്തുണ്ടെന്നും അതുകൊണ്ട് തിരക്ക് കഴിഞ്ഞിട്ട് കയറാമെന്ന് പൊലീസ് നിർദ്ദേശം കിട്ടുന്നു. 8-9 വരെ കാത്തിരുന്നിട്ടും തിരക്ക് കൂടുന്നതല്ലാതെ കുറയാത്തതിനാൽ 9 മണിക്ക് കയറാൻ അനുമതി കിട്ടുന്നു. എന്നാൽ ഉള്ള വേദിയിൽ ആളുകൾ തിങ്ങി നിറഞ്ഞതിനാലും പുറത്ത് അതിലേറെ ആൾക്കാർ കയറാൻ ശ്രമിക്കുന്നതിനാലും, തുടർന്നാൽ വലിയ അപകടങ്ങൾ ഉണ്ടാകുമെന്നതിനാൽ പെട്ടെന്ന് രണ്ട് പാട്ട് പാടി നിർത്താനും സ്റ്റേജിന് പുറകിലുള്ള കാറിൽ എത്രയും പെട്ടെന്ന് കയറാനും പൊലീസ് നിർദ്ദേശം കിട്ടുന്നു. അതിനാലാണ് ഞാൻ പിന്നിലേക്ക് ഓടിയത്. അല്ലാതെ ആൾക്കാർ എന്നെ ബുദ്ധിമുട്ടിച്ചിട്ടല്ല. ഇനിയും പാടാനും അവിടെ നിൽക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഞാൻ അവിടെന്ന് പോകുന്നതിന് അനുസരിച്ചേ ആ തിരക്ക് കുറയുകയുള്ളൂ. അതിനാൽ എനിക്ക് നിർദ്ദേശം നൽകുന്നവരെ ആ സമയത്ത് അനുസരിച്ചേ പറ്റൂ. അതിന് ശേഷം ഞാൻ ആദ്യം വിളിച്ച് അന്വേഷിച്ചതും തിരക്കിയതും ശ്വാസതടസം നേരിട്ട് ആശുപത്രിയിൽ പോയവരെ ആയിരുന്നു. ബുദ്ധിമുട്ടുകളില്ലാതെ ഒരു മണിക്കൂറിനുള്ളിൽ അവരും ആശുപത്രിയിൽ നിന്നും ഇറങ്ങിയിട്ടുണ്ടെന്ന് മനസിലാക്കി. അവസാനത്തെ ഹെൽത്ത് വേളൻറിയർ ആശുപത്രി വിടുമ്പോൽ കൂടെ ഉണ്ടായിരുന്ന ഒരാൾ ഞാൻ ആയിരുന്നു. അത് ആ ആശ്വാസത്തിൻറെ വാർത്തയായിരുന്നു. കാരണം. എന്തൊക്കെ പറഞ്ഞാലും അവർ എൻറെ പരിപാടിക്ക് വന്നവരാണ്. മറ്റെന്തിനെക്കാളും എനിക്ക് അവർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ അങ്ങേയറ്റം സങ്കടമുണ്ടായിരുന്നു.