Suresh Gopi: ‘സിവിൽ സർവീസ് പ്രിപ്പയർ ചെയ്യാൻ പോയി സിനിമയോട് ഭ്രമം മൂത്തു; കുലമഹിമ മലയാളത്തിലേക്ക് കൊണ്ടുവന്നു’; സുരേഷ് ഗോപി
Suresh Gopi on How He Got into Cinema: കോളേജിൽ എത്തി അച്ഛന്റെയും അമ്മയുടെയും കൂടെ അല്ലാതെ സ്വന്ത്രമായി സിനിമ കാണാൻ തുടങ്ങിയപ്പോഴാണ് സിനിമയോട് ഭ്രമം തോന്നിയതെന്ന് സുരേഷ് ഗോപി പറയുന്നു.
പോലീസ് അല്ലെങ്കിൽ ആക്ഷൻ പടമെന്നാൽ മിക്ക മലയാളികളുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന നായകൻ ഒരുപക്ഷെ സുരേഷ് ഗോപി ആയിരിക്കും. നാല് പതിറ്റാണ്ട് കാലമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ്. ബാലതാരമായി സിനിമയിലെത്തിയ സുരേഷ്‌ഗോപി ഇന്ന് കേന്ദ്രമന്ത്രിയാണ്. ഒട്ടും താത്പര്യമില്ലാതെ സിനിമയിലേക്ക് വന്ന് പിന്നീട് അഭിനയത്തോട് തോന്നിയ ഭ്രമം കാരണം സിനിമയിൽ തുടർന്ന ആളാണ് താനെന്ന് പറയുകയാണ് സുരേഷ് ഗോപി.
കോളേജിൽ എത്തി അച്ഛന്റെയും അമ്മയുടെയും കൂടെ അല്ലാതെ സ്വന്ത്രമായി സിനിമ കാണാൻ തുടങ്ങിയപ്പോഴാണ് സിനിമയോട് ഭ്രമം തോന്നിയതെന്ന് സുരേഷ് ഗോപി പറയുന്നു. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് കോച്ചിങ്ങിന് ചെന്നൈയിൽ കൊണ്ടുവിട്ട താൻ അച്ഛൻ അറിയാതെ സിനിമാക്കാരുടെ പിന്നാലെ നടപ്പായിരുന്നുവെന്നും നടൻ പറയുന്നു. തമിഴ് സിനിമയായിരുന്നു സ്വപ്നമെങ്കിലും ഒടുവിൽ കുലമഹിമ തന്നെ മലയാളം സിനിമയിലേക്ക് കൊണ്ടുവന്നുവെന്നും താരം കൂട്ടിച്ചേർത്തു. പേളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
“1965ൽ ‘ഓടയിൽ നിന്നും’ എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടായിരുന്നു തുടക്കം. പല അഭിമുഖങ്ങളിലും ഇത് ഞാൻ പറഞ്ഞിട്ടുണ്ട്. ആ സമയത്തൊക്കെ എന്നെ കൊല്ലത്ത് ആശ്രമം മൈതാനത്ത് കൂടി ഓടിച്ചിട്ട് പിടിച്ചിട്ട്, അവിടുന്ന് ഈ പോച്ച എന്നാണ് നമ്മൾ പറയുന്നത്, ഈ കുറ്റിച്ചെടി പോലുള്ള പച്ച ചെടി കൊണ്ട് അടിച്ചൊക്കെയാണ് മേക്കപ്പ് ഇടുന്നതും അഭിനയിപ്പിക്കുന്നതുമെല്ലാം.
ALSO READ: ദൃശ്യം 3യ്ക്കു മുമ്പൊരു ജിത്തു ജോസഫ് മാജിക്, ആസിഫ് അലിയുടെ മിറാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
കോളേജിൽ എത്തി സ്വതന്ത്രമായി സിനിമ കാണാൻ തുടങ്ങിയപ്പോഴാണ്, അതായത് അച്ഛന്റെയും അമ്മയുടെയും കൂടെ അല്ലാതെ സിനിമ കാണാൻ തുടങ്ങിയ സമയത്താണ് സിനിമകളോട് ഭ്രമം തോന്നിയത്. പ്രത്യേകിച്ചും കമൽഹാസന്റെ ഒക്കെ 1980കൾ മുതലുള്ള സിനിമകൾ. ഒരു പെർഫോമർ ആവാൻ സാധിക്കണം എന്നായിരുന്നു ആഗ്രഹം. 1982ൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് സിവിൽ സർവീസിന്റെ കോച്ചിങ്ങിനു കൊണ്ടുപോയി ചേർത്തി. ഇതിനായി എന്നെ ചെന്നൈയിൽ കൊണ്ട് വിട്ടതോടെ ഞാൻ അച്ഛൻ അറിയാതെ സിനിമാക്കാരുടെ പിറകെ നടക്കാൻ തുടങ്ങി. പക്ഷെ അച്ഛന് അപ്പോഴേക്ക് റിപ്പോർട്ട് കിട്ടി.
സിവിൽ സർവീസിന്റെ പ്രിപ്പയറിങ്ങിനു പോയതാണ് ഞാൻ. പക്ഷെ ഒരു ക്ലാസിൽ പോലും കയറിയിട്ടില്ല. എന്റെ സ്വപ്നം തമിഴ് സിനിമ ആയിരുന്നു. എനിക്ക് തോന്നുന്നു കുലമഹിമ ആയിരിക്കും, മലയാളം തന്നെ എന്നെ പിടിച്ച് അവിടെ നിന്നും ഇങ്ങോട്ടേക്ക് കൊണ്ടുവന്നു” സുരേഷ് ഗോപി പറഞ്ഞു.