Suresh Gopi: ‘കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്’; സുരേഷ് ഗോപി
Suresh Gopi: വിവാഹത്തലേന്ന് മോഹൻലാലിന്റെ അച്ഛനും അമ്മയും തന്ന സമ്മാനമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് സുരേഷ് ഗോപി പറയുന്നു. പേളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് ഗോപി
മലയാളത്തിന്റെ പവർഫുൾ സ്റ്റാറാണ് സുരേഷ്ഗോപി. ശക്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരം നിലവിൽ കേന്ദ്ര സഹമന്ത്രിയായി സേവനം അനുഷ്ഠിക്കുകയാണ്.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനത്തെ പറ്റി തുറന്ന് പറയുകയാണ് താരം. വിവാഹത്തലേന്ന് മോഹൻലാലിന്റെ അച്ഛനും അമ്മയും തന്ന സമ്മാനമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് സുരേഷ് ഗോപി പറയുന്നു. കേരളത്തിലെ മികച്ച അവതാരികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിയുടെ പേളി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കല്യാണത്തിന്റെ തലേന്ന് മോഹൻലാലിന്റെ അച്ഛനും അമ്മയും കൂടെ എനിക്കൊരു പൊതി കൊണ്ട് തന്നു. തേക്കുംതടിയിലുള്ള ഒരു ഗണപതിയുടെ വിഗ്രഹം. ഞാൻ തിരുവനന്തപുരത്ത് താമസമായ ശേഷം പൂജാമുറിയിലെ പ്രധാന വിഗ്രഹമായിട്ട് വച്ചത് ഈ ഗണപതിയാണ്.
ALSO READ: പാട്ടുകാരുടെ പണിപോകുമോ? ഈണങ്ങൾ ഉണ്ടാക്കാനും പാടാനും ഇനി എ ഐ മതി
ഇപ്പോഴും എന്റെ ഡൈനിങ് ഹാളിൽ വടക്കോട്ട് ഫേസ് ചെയ്ത് ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ സ്ഥാപിച്ചിട്ടുണ്ട്. അത് കാണുമ്പോൾ എനിക്ക് പെട്ടെന്ന് ഓർമ വരുന്നത് അത് എന്റെ കൈയിലോട്ട് വച്ച് തന്ന ലാലിന്റെ അച്ഛനെയാണ്’, അദ്ദേഹം പറഞ്ഞു.
പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ജെ.എസ്.കെ. (ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള) ആണ് സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അദ്ദേഹത്തെ കൂടാതെ മാധവ് സുരേഷ്, അനുപമ പരമേശ്വരൻ, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.