JSK Movie Controversy: ജെഎസ്കെ വിവാദം ‘ഹൈപ്പുണ്ടാക്കാൻ വേണ്ടി’ എന്ന് കമൻറ്; രൂക്ഷമായി പ്രതികരിച്ച് ഭാഗ്യ സുരേഷും മാധവും
Suresh Gopi’s Son and Daughter Respond to Negative Comments: ഇതുമായി ബന്ധപ്പെട്ടുവന്ന ഒരു വാർത്തയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യ സുരേഷും, മാധവ് സുരേഷും.

കഴിഞ്ഞ ഏതാനും നാളുകളായി മലയാള സിനിമയിലെ ചർച്ചാവിഷയം സുരേഷ് ഗോപി നായകനായ ചിത്രം ‘ജെഎസ്കെ’യാണ്. ‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’ എന്നതിലെ ജാനകി എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെൻസർ ബോർഡ് ചിത്രത്തിൻറെ റിലീസ് തടഞ്ഞതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉയരുന്നത്. ഒടുവിൽ രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഹൈക്കോടതി ജഡ്ജി നേരിട്ട് കാണുകയും ചെയ്തു.
ഇതിനിടെ ഇതുമായി ബന്ധപ്പെട്ടു വന്ന ഒരു വാർത്തയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മക്കളായ ഭാഗ്യ സുരേഷും, മാധവ് സുരേഷും. ജെഎസ്കെ സിനിമ വിവാദവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെയായിരുന്നു ഒരാളുടെ പരിഹാസ കമന്റ്. “സ്വയം കേസ് ആക്കി ഹൈപ്പ് ഉണ്ടാക്കുന്നു. ബിസിനസ് ട്രിക്ക്” എന്നായിരുന്നു കുറിച്ചത്.
ഇതോടെ ഇതിന് മറുപടിയുമായി മാധവന് സുരേഷ് തന്നെ രംഗത്തെത്തി. “ശരിയായ ആശയം, സിനിമ തെറ്റായിപ്പോയി എന്ന് കുറ്റപ്പെടുത്തുന്നു” എന്നായിരുന്നു മാധവിന്റെ മറുപടി. തൊട്ടുപിന്നാലെ ഭാഗ്യ സുരേഷും മറുപടിയുമായിരംഗത്തെത്തി. “ഒരു സിനിമയുടെ പിന്നിൽ നൂറുകണക്കിന് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും രക്തവും വിയർപ്പും കണ്ണീരുമുണ്ട്. അവരെല്ലാവരും ഒരേപോലെ കഷ്ടപ്പെടുകയാണ്. സ്വന്തം സിനിമയ്ക്ക് പ്രശസ്തി ലഭിക്കാനും റിലീസ് തീയതി നീട്ടിവെക്കാനും വേണ്ടി ഇങ്ങനെയെല്ലാം ആരെങ്കിലും ചെയ്യുമെന്ന് കരുതുന്ന നിങ്ങൾ എത്ര വിഡ്ഢിയാണ്” എന്നായിരുന്നു ഭാഗ്യ സുരേഷിന്റെ മറുപടി.
അതേസമയം, ഇന്നലെയാണ് ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് ‘ജെഎസ്കെ’ സിനിമ കണ്ടത്. എറണാകുളത്തുള്ള ലാൽ മീഡിയയിൽ ആയിരുന്നു പ്രത്യേക സ്‌ക്രീനിങ്ങിന് സൗകര്യം ഒരുക്കിയത്. ബുധനാഴ്ച ഹൈക്കോടതി വീണ്ടും ഹർജി പരിഗണിക്കും. ‘ജാനകി’ എന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്ര സെൻസർ ബോർഡ്.