Kili Paul: കിലി പോള്‍ കേരളത്തിലേക്ക്? മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാഗതമെന്ന് ആരാധകർ
Tanzanian Influencer Kili Paul: ഇന്ന് കിലി കേരളത്തിൽ എത്തുമെന്നാണ് പറയുന്നത്. കേരളത്തിൽ താൻ എത്തുന്നുവെന്ന് അറിയിച്ച് ഫ്ലൈറ്റിൽ ഇരിക്കുന്ന ഫോട്ടോയും കിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Kili Paul
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളി പ്രേക്ഷകർ ഉൾപ്പെടെയുള്ളവർ നെഞ്ചേറ്റിയ ഒരു ടാൻസാനിയൻ താരമാണ് കിലി പോൾ. റിലീസുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ കിലി പോൾ മലയാളികൾക്ക് ഉണ്ണിയേട്ടനാണ്. ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലെ ഗാനങ്ങൾക്കും ലിപ് സിങ്ക് ചെയ്താണ് കിലി ശ്രദ്ധേയനായത്. ഇതിൽ കിലി ചെയ്ത മലയാളം പാട്ടുകളും ഏറെ വൈറലായിരുന്നു. ഒടുവിൽ തീയറ്ററുകളിൽ ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ മോഹൻലാൽ ചിത്രം തുടരുമിലെ ഗാനങ്ങളുമായാണ് കിലി എത്തിയത്. ഈ വീഡിയോയ്ക്ക് താഴെ തരുൺ മൂർത്തി കമന്റിടുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ എല്ലാ പോസ്റ്റുകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ കിലി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. കിലി കേരളത്തിൽ എത്താൻ പോവുകയാണെന്നാണ് സൂചന. ഇന്ന് കിലി കേരളത്തിൽ എത്തുമെന്നാണ് പറയുന്നത്. കേരളത്തിൽ താൻ എത്തുന്നുവെന്ന് അറിയിച്ച് ഫ്ലൈറ്റിൽ ഇരിക്കുന്ന ഫോട്ടോയും കിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഉണ്ണിയേട്ടനെ സ്വാഗതം ചെയ്താണ് മിക്കവരുടെയും കമന്റ്. ‘മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാഗതം’, എന്നാണ് പലരും കമന്റ് ബോക്സ് കുറിക്കുന്നത്. ഇതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്.കിലി മലയാള സിനിമയിൽ അഭിനയിക്കാനാണ് എത്തുന്നതെന്നാണ് ഒരു തരത്തിലെ അഭ്യൂഹങ്ങൾ.
അതേസമയം നിലവിൽ ഇൻസ്റ്റാഗ്രാമിൽ 10.6 മില്യൺ ഫോളോവേഴ്സാണ് കിലിക്കുള്ളത്. യുട്യൂബിൽ 6.54 മില്യൺ സബ്സ്ക്രൈബേഴ്സും ഉണ്ട്. താരത്തിനൊപ്പം സഹോദരി നീമ പോളും വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു പാട്ട് മുഴുവൻ പഠിക്കാൻ ഏകദേശം രണ്ടോ മൂന്നോ ദിവസമെടുക്കുമെന്ന് കിലി നേരത്തെ പറഞ്ഞിട്ടുണ്ട്. ആദ്യം യൂട്യൂബിൽ പോയി വരികൾ പഠിക്കും. ശേഷം ആ വാക്കുകൾ എങ്ങനെ ഉച്ചരിക്കുമെന്ന് ഗൂഗിൾ ചെയ്ത് നോക്കുമെന്നുമാണ് കിലി പാട്ട് പഠിക്കുന്നതിനെ കുറിച്ച് പറഞ്ഞത്.