The Grand Sita Charitam: സീത എങ്ങനെ നോക്കിക്കാണും രാമന്റെ കഥയെ? പ്രശംസയേറ്റുവാങ്ങി മുംബൈയിൽ ഗ്രാൻഡ് സീതാ ചരിതം അരങ്ങേറി
Spiritual retelling of the Ramayana from Sita's perspective: ഇത് അസാധാരണമായിരുന്നു... എന്നാണ് ബോളിവുഡ് നടൻ വിക്രാന്ത് മാസി പ്രതികരിച്ചത്. എനിക്ക് രോമാഞ്ചം ഉണ്ടായി.. എന്ന് നടി ഹിന ഖാനും കൂട്ടിച്ചേർത്തു.
മുംബൈ: കാലാതിവർത്തിയായ രാമായണ കഥയെ സീതയുടെ കാഴ്ചപ്പാടിലൂടെ ആവിഷ്കരിച്ച് ദി ഗ്രാൻഡ് സീതാചരിതം മുംബൈയിൽ അരങ്ങേറി. നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിലെ ഗ്രാൻഡ് തിയേറ്ററിൽ നടന്ന ഈ 4ഡി ലൈവ് ആർട്ട് അനുഭവം ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും പിടിച്ചുപറ്റി. 513 കലാകാരന്മാരെയും 30 ലധികം കലാരൂപങ്ങളെയും അണിനിരത്തി സ്റ്റേജിൽ അരങ്ങേറിയ സീതാചരിതം വിസ്മയം സൃഷ്ടിച്ചു.
പ്രമുഖ നർത്തകിയും നൃത്ത സംവിധായികയുമായ ശ്രീവിദ്യ വർച്ചസ്വി ആണ് ഗ്രാൻഡ് സീതാചരിതം സംവിധാനം ചെയ്തത്. ഇത്ര ബൃഹത്തായ ഒരു സംവിധാനം എന്നതിലുപരി ഇതിഹാസത്തിന്റെ വൈകാരികവും കാവ്യാത്മകവും ആയ മറ്റൊരു ഏടാണ് ഇതിലൂടെ പുനരാവിഷ്കരിച്ചിട്ടുള്ളത്.
പ്രശംസിച്ചവരിൽ പ്രമുഖരും
ഇത് അസാധാരണമായിരുന്നു… എന്നാണ് ബോളിവുഡ് നടൻ വിക്രാന്ത് മാസി പ്രതികരിച്ചത്. എനിക്ക് രോമാഞ്ചം ഉണ്ടായി.. എന്ന് നടി ഹിന ഖാനും കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ഗായിക അനുരാധ പട്വാൾ, എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ എത്തി.
ധാരാവിയിലെ ആർട്ട് ഓഫ് ലിവിങ് ഫ്രീ സ്കൂളിലെ 50ലധികം കുട്ടികളുടെ പങ്കാളിത്തം ഈ അവതരണത്തിന് മറ്റൊരു തലം നൽകി. കലയും വിദ്യാഭ്യാസവും എങ്ങനെ സമൂഹത്തെ ഉന്നതിയിൽ എത്തിക്കും എന്നതിന്റെ പ്രതീകമായി ഇത് മാറി. രാമായണത്തിന്റെ 20ലധികം പതിപ്പുകളിൽ നിന്നും ഗുരുദേവ ശ്രീ ശ്രീ രവിശങ്കറിന്റെ ജ്ഞാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഗ്രാൻഡ് സീത ചരിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.
ക്ലാസിക്കൽ നൃത്തം, നാടൻ കലാരൂപങ്ങൾ, പപ്പറ്റ് ഷോ, സംഗീതം, ഡിജിറ്റൽ ടെക്നിക്കുകൾ, എന്നിവ സമന്വയിപ്പിച്ച് സീതയുടെ ജീവിതത്തിലെ സ്നേഹം, ത്യാഗം, വിജ്ഞാനം, എന്നിവയെ മനോഹരമായി ഇതിൽ ചിത്രീകരിച്ചു. ഷോയുടെ വരുമാനം ആർട്ട് ഓഫ് ലിവിങ് ഫ്രീ സ്കൂളിലെ ഒരു ലക്ഷത്തിലധികം ഗ്രാമീണ ആദിവാസി മേഖലയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനാണ് നൽകുന്നത്. വരും മാസങ്ങളിൽ ഈ പ്രൊഡക്ഷൻ മറ്റ് ഇന്ത്യൻ നഗരങ്ങളിലും അന്താരാഷ്ട്ര വേദികളിലും പ്രദർശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.