Thug Life Karnataka Ban: കർണാടകയിലെ വിലക്ക് ‘തഗ് ലൈഫ്’ കളക്ഷനെ ബാധിച്ചോ?; കോടികൾ നഷ്ടമെന്ന് റിപ്പോർട്ട്
Thug Life Suffers Rs 30 Crore Loss: കർണാടകയിലെ വിലക്ക് മൂലം ചിത്രത്തിന് 30 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

കർണാടകയിലെ വിലക്ക് ‘തഗ് ലൈഫ്’ സിനിമയുടെ കളക്ഷനെ ബാധിച്ചുവെന്ന് റിപ്പോർട്ട്. 30 കോടിയോളം രൂപയാണ് സിനിമയ്ക്ക് നഷ്ടമുണ്ടായത്. നടൻ കമൽ ഹാസന്റെ ഭാഷാവിവാദത്തെ തുടർന്നാണ് കർണാടകയിൽ സിനിമയുടെ പ്രദർശനം വിലക്കിയത്. കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി, ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയെങ്കിലും, ഇതുമൂലം ഉണ്ടായ നഷ്ടം വളരെ വലുതാണ്.
കമൽഹാസനെയും സിമ്പുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ‘തഗ് ലൈഫ്’. ജൂൺ 5നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് കമൽ ഹാസൻ കന്നഡ ഭാഷ പിറന്നത് തമിഴിൽ നിന്നാണ് എന്ന വാദം ഉന്നയിച്ചത്. ഇതോടെ കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ അനുകൂല സംഘടനകളും ഫിലിം ചേംബറും അറിയിച്ചു. ക്ഷമാപണം നടത്തില്ലെന്ന് കമലും വ്യക്തമാക്കിയതോടെയാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്.
കർണാടകയിലെ വിലക്ക് മൂലം ചിത്രത്തിന് 30 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. അതേസമയം, ‘തഗ് ലൈഫ്’ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. സിനിമയുടെ പ്രദർശനം തടയാൻ ശ്രമിച്ചാലോ അനുമതിയില്ലാതെ പ്രദർശനം നടത്തിയാലോ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കന്നഡ അനുകൂല സംഘടനകൾക്ക് ഇത് സംബന്ധിച്ച നോട്ടീസും നൽകി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തഗ് ലൈഫ് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കന്നഡ ഫിലിം ചേമ്പറും ഇപ്പോൾ നിലപാട് മാറ്റി.