Septimius Awards 2025: ‘വിശ്വസിക്കാനാകുന്നില്ല’; ഏഷ്യയിലെ മികച്ച നടനുള്ള പുരസ്‌കാരം നേടി ടൊവിനോ; ഇത് രണ്ടാം തവണ
Tovino Thomas Wins Septimius Award 2025: 2023ൽ ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിനും ടൊവിനോയ്ക്ക് ഏഷ്യയിലെ മികച്ച നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം ലഭിച്ചിരുന്നു.
ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം വീണ്ടും സ്വന്തമാക്കി നടൻ ടൊവിനോ തോമസ്. 2025-ലെ സെപ്റ്റിമിയസ് പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയത്. അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ എന്ന സിനിമയിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള ചിത്രങ്ങളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, 2023ൽ ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രത്തിനും ടൊവിനോയ്ക്ക് ഏഷ്യയിലെ മികച്ച നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം ലഭിച്ചിരുന്നു. വീണ്ടും ഒരു അവാർഡ് കൂടി ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട്, ഓരോ അംഗീകാരവും മുമ്പത്തേക്കാൾ പ്രിയപ്പെട്ടതായി തോന്നുന്നുവെന്ന് ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘പ്രിയപ്പെട്ട ജീവിതമേ, വിശ്വസിക്കാനാകുന്നില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 2025ൽ ‘നരിവേട്ട’യ്ക്ക് വേണ്ടി വീണ്ടും മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ടൊവിനോ കുറിച്ചു. നമ്മുടെ സിനിമയെ ഈ വേദിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും നടൻ പറയുന്നു. ജീവിതം തരുന്ന എന്തിനോടും നമ്മൾ പൊരുത്തപ്പെട്ടുപോകുമെന്ന് പറയാറുണ്ട്. എന്നാൽ, ഇതിനോട് ഒരിക്കലും ഇല്ല. ഓരോ അംഗീകാരവും മുമ്പത്തേക്കാൾ പ്രിയപ്പെട്ടതായി തോന്നുന്നുവെന്നും ടൊവിനോ കുറിച്ചു.
ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ALSO READ: ‘വേണമെങ്കിൽ ലിവ് ഇൻ ടുഗെദർ തിരഞ്ഞെടുക്കാമായിരുന്നു, പക്ഷെ എനിക്കൊരു മകളുണ്ട്’; ആര്യ
നരിവേട്ട ടീമിനും നടൻ നന്ദി പറഞ്ഞു. ഓരോ ദിവസവും മുന്നോട്ട് പോകാൻ തന്നെ സഹായിക്കുന്ന എല്ലാവർക്കും ഒരുപാട് സ്നേഹമുണ്ടെന്നും അദ്ദേഹം കുറിച്ചു. പുരസ്കാരവുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ടൊവിനോ ഇക്കാര്യം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ടൊവിനോ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ അനുരാജ്, ബേസിൽ ജോസഫ്, ഫെമിനാ ജോർജ്, മമ്‌താ മോഹൻദാസ്, തുടങ്ങി നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ എല്ലാ വർഷവും നൽകി വരുന്ന രാജ്യാന്തര പുരസ്‌കാരമാണ് ‘സെപ്റ്റിമിയസ്’ പുരസ്‌കാരം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങൾ തിരിച്ച് മികച്ച സിനിമ, നടൻ, നടി, നിർമാതാവ്, സിനിമാറ്റോഗ്രഫി, തിരക്കഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി അവാർഡ് നൽകുന്നു. അതുമാത്രമല്ല, സെപ്റ്റിമിയസ് പുരസ്‌കാരം ലഭിച്ച ആദ്യ തെന്നിന്ത്യൻ നടനാണ് ടൊവിനോ തോമസ്.