Urvashi: ‘സുരേഷ് എന്ന് വിളിക്കാമോ?, ഇപ്പോൾ കേന്ദ്രമന്ത്രിയൊക്കെ അല്ലേ?’; വൈറലായി ഉർവശിയുടെ ചോദ്യം
Urvashi And Suresh Gopi Viral Video: കേന്ദ്രമന്ത്രി ആയതുകൊണ്ട് സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിക്കാമോ എന്ന ഉർവശിയുടെ ചോദ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. സുരേഷ് ഗോപിയോട് തന്നെയായിരുന്നു ചോദ്യം.
കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിൻ്റെ നേതൃത്വത്തിൽ നടന്ന സിബി മലയിൽ ഇവൻ്റിൻ്റിൽ ഉർവശി സംസാരിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. സിബി മലയിലിനെ ആദരിക്കുന്ന ചടങ്ങിൽ ഉർവശി സംസാരിക്കെ സദസ്സിൽ സുരേഷ് ഗോപി അടക്കം പല പ്രമുഖരുമുണ്ടായിരുന്നു. സംസാരത്തിനിടെ സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിക്കുന്ന ഉർവശി സംസാരം നിർത്തി ‘സുരേഷ് എന്ന് വിളിക്കാമോ?, ഇപ്പോൾ കേന്ദ്രമന്ത്രിയൊക്കെ അല്ലേ?’ എന്ന് ചോദിക്കുകയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
“സുരേഷ് എന്ന് വിളിക്കാമോ, കേന്ദ്രമന്ത്രി ആയിട്ട്? അങ്ങനൊന്നും ഇല്ലല്ലോ?” എന്ന് ഉർവശി ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് സുരേഷ് ഗോപി ഇല്ല എന്ന് ആംഗ്യം കാണിക്കുകയാണ്. “പെട്ടെന്ന് നേരത്തെ ഞാൻ ബാബു എന്ന് വിളിച്ചു. സുരേഷിനെ വീട്ടിൽ വിളിക്കുന്നത് ബാബു എന്നാണ്. എന്നെക്കാൾ ജൂനിയറായി വന്ന എല്ലാവരും എൻ്റെ ഇളയതാണെന്ന് ഞാൻ സങ്കല്പിച്ചതാ. കുറേ ചീത്ത പറഞ്ഞിട്ടുണ്ട്, എന്നെ. ഗുരുത്തമില്ലാതെ ഇങ്ങനെ പേര് വിളിക്കല്ല്, കൊച്ചേ എന്ന്. പക്ഷേ, ഇപ്പോ ഇത്രയും പരിചയപ്പെട്ടിട്ട് ഇനി മാറ്റിവിളിക്കാൻ പറ്റില്ലല്ലോ എന്ന് വെച്ചിട്ടാ.”- ഉർവശി തുടർന്നു.




മുത്താരം കുന്ന് പിഒ എന്ന സിനിമയിലൂടെയാണ് സിബി മലയിൽ സ്വതന്ത്ര സംവിധായകനാവുന്നത്. തനിയാവർത്തനം, കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, സദയം, സമ്മർ ഇൻ ബത്‌ലഹേം, ദേവദൂതൻ തുടങ്ങി ഗംഭീര സിനിമകൾ സിബി മലയിലിൻ്റെ ഫിലിമോഗ്രാഫിയിലുണ്ട്. ആസിഫ് അലി, നിഖില വിമൽ, റോഷൻ മാത്യു തുടങ്ങിയവർ ഒന്നിച്ച്, 2022ൽ പുറത്തിറങ്ങിയ കൊത്ത് എന്ന സിനിമയാണ് സിബി മലയിൽ അവസാനം സംവിധാനം ചെയ്തത്. സംസ്ഥാന, ദേശീയ, ഫിലിംഫെയർ ചലച്ചിത്ര പുരസ്കാരങ്ങൾ സിബി മലയിൽ നേടിയിട്ടുണ്ട്.