Rapper Vedan: വേടനെതിരേയുള്ള രേഖകള്‍ ഹാജരാക്കണം; പരാതിക്കാരിയോട് ഹൈക്കോടതി
Rapper Vedan bail plea: പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ആരോപണങ്ങൾ തെറ്റാണെന്നും ഹർജിക്കാരൻ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി.

Rapper Vedan
കൊച്ചി: ബലാത്സംഗകേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരി. വേടനെതിരേ മറ്റു രണ്ടുപേര്‍കൂടി പരാതി നല്‍കിയിട്ടുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരി വാദിച്ചു. താത്പര്യമില്ലെന്ന് അറിയിച്ചാലും നിര്‍ബന്ധപൂര്‍വം ലൈംഗികാതിക്രമം നടത്തിയെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജിക്കാരിയേയും കക്ഷിചേര്‍ത്തിട്ടുണ്ട്.
അതേസമയം പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ആരോപണങ്ങൾ തെറ്റാണെന്നും ഹർജിക്കാരൻ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി. മറ്റ് പരാതികള്‍ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും കൂട്ടിച്ചേർത്തു.
ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ കേസും അതിലെ വസ്തുതകള്‍ പരിശോധിച്ച് മാത്രമേ വിലയിരുത്താനാകൂ എന്നും കോടതി വ്യക്തമാക്കി. നിലവിൽ തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ വേടൻ ഒളിവിലാണ്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.
അതേസമയം വേടനെതിരെ രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. 2020-ലായിരുന്നു അതിക്രമമെന്നാണ് ഒരു യുവതി പരാതി നൽകിയിരിക്കുന്നത്. രണ്ടാമത്തെ സംഭവം 2021-ൽ നടന്നതെന്നാണ് സൂചന.