Mamangam Movie: മാമാങ്കം പൊട്ടാനുള്ള കാരണങ്ങളിലൊന്ന് ഫാൻ ഫൈറ്റ്; നിർമാതാവിനെ തെറിവിളിച്ചതെന്തിനെന്ന് മനസിലായില്ലെന്ന് വേണു കുന്നപ്പിള്ളി
Venu Kunnappilly About Mamangam Movies Failure: മമ്മൂട്ടി നായകനായ മാമാങ്കം സിനിമ പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഫാൻ ഫൈറ്റാണെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. സിനിമ പരാജയപ്പെട്ടതിന് നിർമ്മാതാവിനെ തെറിവിളിക്കേണ്ട കാര്യം എന്താണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാമാങ്കം, വേണു കുന്നപ്പിള്ളി
മാമാങ്കം സിനിമ പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഡീഗ്രേഡിങ് ആണെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ഒരു സിനിമയെടുത്ത് അത് പരാജയപ്പെട്ടതിന് നിർമ്മാതാവിനെ തെറിവിളിക്കേണ്ട കാര്യം എന്താണെന്നറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു യൂട്യൂബ് ചാനലിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
“ഞാൻ ഒരു സിനിമയെടുത്തു. ഇറങ്ങിയ പ്രൊഡക്റ്റ് മോശമായിപ്പോയി. അല്ലെങ്കിൽ ജനങ്ങൾക്ക് ഇഷ്ടമായില്ല. അത് പറഞ്ഞിട്ട്, ഈ പൈസ ഇറക്കുന്നവൻ്റെ വീട്ടിലിരിക്കുന്നവരെയും തൊഴിലിനെയും കളിയാക്കേണ്ടതിൻ്റെ ചേതോവികാരം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. സംവിധാനം മോശമായെങ്കിൽ സംവിധായകനോട് ചോദിക്കൂ. അഭിനയം മോശമായെങ്കിൽ നടന്മാരോടും പാട്ട് മോശമായെങ്കിൽ അതിൻ്റെ സംഗീതസംവിധായകരോടും ചോദിക്കണം. ഇതാണല്ലോ ചെയ്യേണ്ടത്. എനിക്ക് തോന്നുന്നു, ആ സമയത്ത് ഡീഗ്രേഡിങിൻ്റെ ഒരു ഉത്സവം നടക്കുന്ന കാലഘട്ടമായിരുന്നു. ഫാൻ ഫൈറ്റ് ഭയങ്കരമായി ബാധിച്ചിട്ടുണ്ട്. എന്നെ ചീത്ത പറഞ്ഞ് വന്നവരുടെയൊക്കെ പ്രൊഫൈൽ പിക്ചർ നോക്കിയാൽ അറിയാം, എവിടെനിന്ന് വന്നതാണെന്ന്. അതിൽ അസോസിയേഷൻ ഇടപെടേണ്ടിയിരുന്നു. ഇവിടെ ഒന്നുമുണ്ടായില്ല. ഫാൻസ് അസോസിയേഷൻ്റെ ടോപ്പിലിരിക്കുന്ന ആൾക്കാരുമായി ഈ മെഗാ സ്റ്റാറുകൾക്ക് ബന്ധമുള്ളതാണ്. അവർക്ക് ഫാൻസുകാരോട് സിനിമ ഡീഗ്രേഡ് ചെയ്യരുതെന്ന് പറയാം. സിനിമയിലെ അണിയറപ്രവർത്തകരിൽ പലരും മാറിനിന്ന് കൈകൊട്ടി ചിരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.”- വേണു കുന്നപ്പിള്ളി പറഞ്ഞു.
എം പദ്മകുമാർ സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ സിനിമയാണ് മാമാങ്കം. ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്‌ലാൻ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിആദ്യമായി നിർമ്മിക്കുന്ന സിനിമയായിരുന്നു ഇത്. 2019 ഡിസംബർ 12ന് പുറത്തിറങ്ങിയ സിനിമ ബോക്സോഫീസിൽ നേട്ടമുണ്ടാക്കിയില്ല. സജീവ് പിള്ളയാണ് ആദ്യം സിനിമ സംവിധാനം ചെയ്യാനിരുന്നത്. സജീവ് പിള്ളയും ശങ്കർ രാമകൃഷ്ണനും ചേർന്നായിരുന്നു സിനിമയുടെ തിരക്കഥ. പിന്നീടാണ് എം പദ്മകുമാർ ഈ റോളിലേക്കെത്തിയത്. എം ജയചന്ദ്രൻ മാമാങ്കത്തിൻ്റെ സംഗീതമൊരുക്കി. മനോജ് പിള്ളയായിരുന്നു ക്യാമറ. ഷമീർ മുഹമ്മദ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചു.
മാമാങ്കത്തിലെ പരാജയത്തിന് ശേഷം 2018 എന്ന സിനിമയിലൂടെ മലയാളത്തിലെ എക്കാലത്തെയും വലിയ പണം വാരിപ്പടം നിർമ്മിച്ച വേണു കുന്നപ്പിള്ളി രേഖാചിത്രം എന്ന സിനിമയിലൂടെ വീണ്ടും നേട്ടമുണ്ടാക്കി. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന സിനിമയും വേണു കുന്നപ്പിള്ളിയാണ് നിർമ്മിച്ചത്.