Kubera: ‘ഇനിയും ദരിദ്ര വേഷം ചെയ്യാൻ പറ്റില്ല’: ‘കുബേര’യില്‍ ധനുഷിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് യുവതാരം
Vijay Deverakonda Rejected Dhanush’s Role in Kuberaa: ശേഖർ കമ്മൂല സംവിധാനം ചെയ്ത ഈ ചിത്രത്തിനായി ആദ്യം ധനുഷിനെയല്ല സമീപിച്ചതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 'കുബേര'യിലെ ദേവ എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മറ്റൊരു യുവനടനാണ്.
ഹൈദരാബാദ്: ധനുഷും നാഗാർജുനയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ‘കുബേര’ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ശേഖർ കമ്മൂല സംവിധാനം ചെയ്ത ഈ ചിത്രത്തിനായി ആദ്യം ധനുഷിനെയല്ല സമീപിച്ചതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘കുബേര’യിലെ ദേവ എന്ന കഥാപാത്രം ചെയ്യേണ്ടിയിരുന്നത് മറ്റൊരു യുവനടനാണ്.
തെലുങ്ക് സിനിമയിലെ യുവതാരം വിജയ ദേവരകൊണ്ടെയെയാണ് ‘കുബേര’യിലെ ‘ദേവ’ എന്ന ഭിക്ഷക്കാരൻറെ വേഷം ചെയ്യാൻ സംവിധായകൻ ആദ്യം സമീപിച്ചത്. വിജയ് വേഷം നിരസിച്ചതിന് പിന്നാലെയാണ് ചിത്രത്തിലേക്ക് ധനുഷ് എത്തുന്നത്. ‘ലൈഗർ’ എന്ന ചിത്രത്തിലെ പരാജയത്തിനു ശേഷം, ഇനിയും ഒരു ദരിദ്ര വേഷം ചെയ്യുന്നത് ആരാധാർകാർക്ക് ഇഷ്ടപ്പെടില്ലെന്ന് പറഞ്ഞുകൊണ്ടാണ് വിജയ് ഈ ഓഫർ നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വിജയ് ദേവരകൊണ്ടയുടെ അവസാനം ഇറങ്ങിയ ‘ഡിയർ കോമ്രേഡ്’, ‘ലൈഗർ’, ‘ദി ഫാമിലി സ്റ്റാർ’ തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. അതേസമയം, ജൂൺ 20ന് തീയേറ്ററുകളിൽ എത്തിയ ‘കുബേര’യ്ക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കുബേര’യിൽ ധനുഷ് തന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കാഴ്ചവെച്ചത്. ഭിക്ഷക്കാരന്റെ വേഷത്തിലെത്തിയ ധനുഷിന്റെ അഭിനയം പ്രേക്ഷക പ്രീതിയും, നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത് രശ്‌മിക മന്ദാനയാണ്.
ALSO READ: ചരിത്ര നേട്ടത്തിൽ ദീപിക പദുക്കോൺ; ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരി
ആഗോള ബോക്സ് ഓഫീസിൽ ‘കുബേര’ 100 കോടി രൂപ കളക്ഷൻ കടന്നതായി നിർമ്മാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സുനിൽ നാരംഗ്, പുഷ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ബിഗ് ബജറ്റിൽ നിർമിച്ച പാൻ ഇന്ത്യൻ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത്.