KJ Yesudas: യേശുദാസ് ആശുപത്രിയിലോ? വാർത്തകളോട് പ്രതികരിച്ച് വിജയ് യേശുദാസ്
KJ Yesudas hospitalized News: വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗായകൻ കെജെ യേശുദാസ് ആശുപത്രിയിലെന്ന് പ്രചരണം. ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഗായകൻ കെജെ യേശുദാസ് ആശുപത്രിയിലെന്ന് പ്രചരണം. ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകനും ഗായകനുമായ വിജയ് യേശുദാസ്.
പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും പിതാവ് പൂർണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം അമേരിക്കയിലാണെന്നും വിജയ് കൂട്ടിച്ചേർത്തു. മുൻപും ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അദ്ദേഹത്തിന് ഡയാലിസിസ് ആണെന്നും അത്യന്തം ഗുരുതരാവസ്ഥയിലുമാണെന്നൊക്കെയാണ് മുൻപ് പ്രചരിച്ചത്.
Also Read:തെലുങ്ക് നടന്‍ പൊസാനി കൃഷ്ണ മുരളി അറസ്റ്റില്‍
അതേസമയം കുറച്ച് വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലാണ് താമസം. ഇവിടെ മകൻ വിശാലിന്റെ കൂടെ ടെക്സസിലെ ഡാലസിൽ അദ്ദേഹം കഴിയുന്നത്. എന്തുകൊണ്ട് യേശുദാസ് അമേരിക്കയിൽ കഴിയുന്നുവെന്ന ചോദ്യത്തിന് മകൻ വിജയ് തന്നെ മറുപടി നൽകിയിരുന്നു. സഹോദരന്റെടുത്ത് പിതാവ് വർഷത്തിൽ ആറ് മാസം താമസിക്കാറുണ്ടെന്നും എന്നാൽ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നിൽക്കുകയായിരുന്നുവെന്നുമാണ് വിജയ് വ്യക്തമാക്കിയത്. പിതാവ് വിശ്രമജീവിതം നയിക്കുകയാണ്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അമ്മ എപ്പോഴും അടുത്ത് വേണമെന്നും വിജയ് പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 10ന് അദ്ദേഹത്തിന്റെ 85ാം പിറന്നാളായിരുന്നു. അന്ന് ഗായകൻ നാട്ടിലെത്തുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ യുഎസിൽ തന്നെയായിരുന്നു ആഘോഷങ്ങൾ. അദ്ദേഹത്തെ പല താരങ്ങളും യുഎസിൽ സന്ദർശിക്കാറുണ്ട്. മോഹൻലാലും ചിത്രയുമൊക്കെ അദ്ദേഹത്തെ സന്ദർശിച്ച ചിത്രങ്ങൾ നേരത്തേ പങ്കുവെച്ചിരുന്നു.