Vishnu Manchu: പ്രഭാസ് ഉള്ളതു കൊണ്ടല്ലേ ‘കണ്ണപ്പ’ വിജയിച്ചതെന്ന് ചോദ്യം; വിഷ്ണു മഞ്ചുവിന്റെ മറുപടി വൈറൽ
Vishnu Manchu on Prabhas: ചിത്രത്തിന്റെ റിലീസിന് പിന്നാലെ താരങ്ങൾ ഒരു പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ഒരു ആരാധകൻ 'കണ്ണപ്പയുടെ വിജയത്തിന് പിന്നിൽ പ്രഭാസിന്റെ അതിഥി വേഷമാണോ?' എന്ന് വിഷ്ണു മഞ്ചുവിനോട് ചോദിച്ചു. ഇതിന് വിഷ്ണു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സംവിധാനം ചെയ്ത ‘കണ്ണപ്പ’ ജൂൺ 27നാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും കാമിയോ വേഷങ്ങളിൽ എത്തിയ മോഹൻലാലും പ്രഭാസും ശ്രദ്ധ നേടി. പ്രത്യേകിച്ചും, പ്രഭാസിന്റെ രുദ്ര എന്ന കഥാപാത്രം ചിത്രത്തിൽ അൽപ നേരമേ ഉള്ളൂവെങ്കിലും തന്റെ കഥാപാത്രം മികച്ചതാക്കിയ നടൻ പ്രേക്ഷക പ്രശംസ നേടി.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ താരങ്ങൾ ഒരു പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ഒരു ആരാധകൻ ‘കണ്ണപ്പയുടെ വിജയത്തിന് പിന്നിൽ പ്രഭാസിന്റെ അതിഥി വേഷമാണോ?’ എന്ന് വിഷ്ണു മഞ്ചുവിനോട് ചോദിച്ചു. ഇതിന് വിഷ്ണു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “നൂറ് ശതമാനവും ഞാൻ അങ്ങനെ വിശ്വസിക്കുന്നു. കണ്ണപ്പയുടെ വിജയത്തെക്കുറിച്ച് ചിലർ വാദിച്ചേക്കാം. പക്ഷേ എനിക്ക് ഒരു അഹങ്കാരവുമില്ല” എന്നായിരുന്നു വിഷ്ണു മഞ്ജു നൽകിയ മറുപടി.
തന്റെ സഹോദരൻ പ്രഭാസിന്റെ ഓപ്പണിങ് സീൻ അംഗീകരിക്കുന്നതിൽ തനിക്ക് യാതൊരു അഹങ്കാരവുമില്ലെന്നും, അത് തനിക്ക് തന്നെ അറിയാമെന്നും വിഷ്ണു മഞ്ജു പറഞ്ഞു. ‘കണ്ണപ്പ’ എന്ന സിനിമ കാണണമെന്ന് നിങ്ങൾക്ക് താല്പര്യമുള്ളത് തന്നെ അദ്ദേഹം കാരണമാണെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ മറുപടി സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.
ALSO READ: ‘എന്നെ സ്‍തബ്‍ധനാക്കിയ പ്രകടനം’; ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിനെ കുറിച്ച് രാം ഗോപാൽ വർമ്മ
അതേസമയം, ‘കണ്ണപ്പ’യിലെ വിഷ്ണു മഞ്ചുവിന്റെ പ്രകടനത്തെ സംവിധായകൻ രാം ഗോപാൽ വർമ്മ പ്രശംസിച്ചു. അദ്ദേഹം അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് വിഷ്ണു തന്നെയാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചത്. തിന്നഡുവായി വിഷ്ണു അഭിനയിക്കുകയല്ല ചെയ്തത്, മറിച്ച് ഒരു പുരോഹിതനെപ്പോലെ വിശ്വാസത്തിൻറെ ഒരു മാതൃക ആയിരിക്കുകയാണെന്നും, തന്നെ സ്തബ്ധനാക്കിയ ഒരു ശൗര്യം ആ പ്രകടനത്തിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പ്രഭാസിനെ കാണാൻ വേണ്ടിയാവും തീയേറ്ററുകളിലേക്ക് വരുന്നത്. എന്നാൽ താൻ നിങ്ങളെ കാണാനായി തീയേറ്ററിലേക്ക് പോവുകയാണെന്നും രാം ഗോപാൽ വർമ്മ പറയുന്നുണ്ട്.