Vlogger Sreedevi Gopinath: ‘അഞ്ച് മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചു; എല്ലാ പുരുഷൻമാരും പ്രശ്നക്കാരല്ല’: ശ്രീദേവി
Vlogger Sreedevi Gopinath About Deepak Death Case: അഞ്ച് മാസം ഗർഭിണിയായിരിക്കെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചുവെന്നും എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ല എന്നും ശ്രീദേവി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Sreedevi
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് വ്ലോഗർ ശ്രീദേവി ഗോപിനാഥ്. സംഭവത്തിൽ സ്ത്രീകളെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നാണ് ശ്രീദേവി പറയുന്നത്.
അഞ്ച് മാസം ഗർഭിണിയായിരിക്കെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചുവെന്നും എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ല എന്നും ശ്രീദേവി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇങ്ങനെയൊരു വൃത്തികേട് ആ സ്ത്രീ കാണിച്ചതിൽ ഒരു ന്യായീകരണവും പറയാനില്ലെന്നുമാണ് ശ്രീദേവി പറയുന്നത്. ആ യുവതിക്ക് പരമാവധി ശിക്ഷ കിട്ടണം എന്നതാണ് തന്റെയും അഭിപ്രായമെന്നും ശ്രീദേവി പറഞ്ഞു.
എന്നാൽ ഇതിനു ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള സംസാരങ്ങൾ കാണുന്നുണ്ടെന്നും എന്നാൽ എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല, അതുപോലെ എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ലെന്നാണ് ശ്രീദേവി പറയുന്നത്. ഈ പ്രശ്നം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് പതിനാറുകാരൻ പീഡിപ്പിച്ചതിന്റെ ഭാഗമായി പതിനാലു വയസ്സുകാരി മരിച്ചത്. ദീപക്കിന്റെ മരണം ചെറിയ കാര്യമല്ലെന്നും അവരുടെ കുടുംബത്തിനുണ്ടായ നഷ്ടം ചെറുതല്ലെന്നും ശ്രീദേവി പറയുന്നു.
അച്ഛൻ കാരണവും രണ്ടാനച്ഛൻ കാരണവും ചെറിയച്ഛൻ കാരണവും അമ്മാവൻ കാരണവും സുഹൃത്തുക്കൾ കാരണവും ട്യൂഷൻ പഠിപ്പിക്കുന്ന സാറ് കാരണവും ബസ്സിലും വഴിയരികിലും അതിക്രമത്തിന് സ്ത്രീകൾ ഇരയാകുന്നുണ്ടെന്നും ചെറിയ കുഞ്ഞുങ്ങളെപ്പോലും വിടാത്ത വൃത്തികെട്ട ഞരമ്പന്മാർ ഈ ലോകത്തുണ്ടെന്നും ശ്രീദേവി പറയുന്നു.
താൻ തന്റെ മോളെ അഞ്ച് മാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് തന്റെ ഭർത്താവ് തന്നെ പീഡിപ്പിച്ചതെന്നും സ്ത്രീകളെ ജനറലൈസ് ചെയ്ത് സംസാരിക്കുന്നതും അടച്ചാക്ഷേപിക്കുന്നതും കാണുമ്പോൾ ബുദ്ധിമുട്ടുണ്ടെന്നും ശ്രീദേവി പറഞ്ഞു.