Viral News: ഫൈനലില്‍ വിരാട് കോലി പുറത്തായത് കണ്ട് 14 കാരി കുഴഞ്ഞ് വീണുമരിച്ചു? വാസ്തവം വ്യക്തമാക്കി കുടുംബാംഗങ്ങള്‍
14-Year-Old Girl's Heart Attack: ഫൈനൽ മത്സരം കുടുംബത്തോടൊപ്പം കണ്ടിരിക്കെയാണ് പെൺകുട്ടിക്ക് ഹൃദയ സ്തംഭനം ഉണ്ടായതെന്നും തുടര്‍ന്ന് മരിച്ചെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യൻ ടീമിന്റെ വിജയം ആഘോഷിച്ചും ന്യൂസിലൻഡിനെ ട്രോളിയും സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു. എന്നാൽ ഇതിനിടെയിൽ സങ്കടപ്പെടുത്തുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു. ഫൈനലിൽ വിരാട് കോലി വന്നപ്പോൾ തന്നെ പുറത്തായതിനു പിന്നാലെ 14കാരി കുഴഞ്ഞ് വീണുമരിച്ചെന്ന വാർത്തയാണ് അത്. ഇത് പിന്നീട് വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വാർത്തയിലെ വാസ്തവം വ്യക്തമാക്കി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ദിയോറിയയിൽ ഞായാറാഴ്ച വൈകിട്ടോടെയാണ് സംഭവം. അഭിഭാഷകനായ അജയ് പാണ്ഡെയുടെ മകൾ പ്രിയാൻഷി പാണ്ഡെയാണ് മരിച്ചത്. ഫൈനൽ മത്സരം കുടുംബത്തോടൊപ്പം കണ്ടിരിക്കെയാണ് പെൺകുട്ടിക്ക് ഹൃദയ സ്തംഭനം ഉണ്ടായതെന്നും തുടര്‍ന്ന് മരിച്ചെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. വിരാട് കോഹ്ലി വന്ന് ഒരു റൺ നേടിയതിനു പിന്നാലെ പുറത്തായപ്പോഴാണ് പ്രിയാൻഷി കുഴഞ്ഞുവീഴുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
Also Read:കബഡി മത്സരത്തില്‍ വിജയിച്ച ദളിത് വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമം
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു. എന്നാൽ പെൺകുട്ടിയുടെ മരണത്തിനിടെയാക്കിയത് വിരാട് കോലിയുടെ പുറത്താകല്‍ അല്ലെന്നാണ് പുറത്ത് വരുന്നത്. മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രിയാൻഷിയുടെ പിതാവും അയൽക്കാരും രംഗത്ത് എത്തി.
ന്യൂസിലന്‍ഡിന്‍റെ ബാറ്റിങ് കഴിഞ്ഞതിനു പിന്നാല താൻ മാർക്കറ്റിലേക്ക് പോയെന്നാണ് പെൺകുട്ടിയുടെ പിതാവ് അജയ് പാണ്ഡെ പറയുന്നത്. ഇതിനു ശേഷം ഇന്ത്യ ബാറ്റിങ് ആരംഭിച്ചപ്പോൾ, മകൾ കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം കളി കണ്ടു. ഇതിനിടെയിലാണ് പ്രിയാൻഷി ബോധരഹിതയായി വീഴുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ വിവരമറിയിച്ചുവെന്നും അജയ് പാണ്ഡ പറയുന്നു. തുടർന്ന് താൻ തിരിച്ചെത്തി മകളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് പിതാവ് പറയുന്നത്. ഇതിനു പിന്നാലെ പോസ്റ്റുമോർട്ടം നടത്താതെ തന്നെ പ്രിയാൻഷിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
എന്നാൽ മരണത്തിൽ കോഹ്ലിയുടെ പുറത്താകലിന് ബന്ധമില്ലെന്നാണ് പിതാവ് പറയുന്നത്. ദൃക്സാക്ഷിയായ അയൽക്കാരന്‍ അമിത് ചന്ദ്രയും ഇക്കാര്യം സ്ഥിരീകരിക്കുന്നു. സംഭവ സമയത്ത് താനും അവിടെ ഉണ്ടായിരുന്നുവെന്നാണ് അയൽക്കാരന്‍ പറയുന്നത്. കുഴഞ്ഞുവീഴുന്ന സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിക്കറ്റുകള്‍ നഷ്ടമായിരുന്നില്ലെന്നും വിരാട് കോഹ്‌ലി അതുവരെ ഇന്നിംഗ്സ് ആരംഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.