Bengaluru Death Case: വഴിയോരത്ത് വയോധികൻ കൊല്ലപ്പെട്ട നിലയിൽ; മൂന്നുപേർ പിടിയിൽ
Bengaluru Man Death Case: ഗുണ്ടൽപേട്ടിന് സമീപം കാമരള്ളിയിൽ ഇന്നലെയാണ് എഴുപത്തിരണ്ടുകാരനെ വഴിയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വാമി എന്നയാളാണ് മരിച്ചത് എന്ന് തിരിച്ചറിയുകയായിരുന്നു.
ബെംഗളൂരു: മൈസൂരിൽ ചാമരാജ് നഗറിൽ വായ്പ കൊടുത്ത പണം തിരിച്ചു ചോദിച്ച വയോധികനെ കൊലപ്പെടുത്തി. ശ്വാസം മുട്ടിച്ചാണ് വയോധികനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്ന് പേരും ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്. കൊലപാതകത്തിന് ശേഷം വയോധികനിൽ നിന്ന് പ്രതികൾ കവർന്ന സ്വർണവും പോലീസ് കണ്ടെത്തി.
ഗുണ്ടൽപേട്ടിന് സമീപം കാമരള്ളിയിൽ ഇന്നലെയാണ് എഴുപത്തിരണ്ടുകാരനെ വഴിയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വാമി എന്നയാളാണ് മരിച്ചത് എന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി കൊല്ലപ്പെട്ടതാണെന്നും പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ മൂന്നുപേരാണ് കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തിയത്.
Also Read: തമിഴ്‌നാട്ടില്‍ വ്യോമസേന പരിശീലന വിമാനം തകർന്നു വീണു
പരാശിവമൂർത്തി, സിദ്ധരാജു, മഹേഷ് എന്നിവരാണ് പിടിയിലായത്. ഇതിൽ പരാശിവ മൂർത്തി കൊല്ലപ്പെട്ട സ്വാമിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായാണ് വിവരം. ഇതിൽ ബാക്കിയുള്ള കുറച്ചു പണം ആവശ്യപ്പെട്ടതോടെയാണ് സ്വാമിയോട് ഇവർക്ക് വൈരാഗ്യം തോന്നിയത്. പിന്നീട് പ്രതികൾ ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. ബാക്കിയുള്ള പണം നൽകാം എന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ സ്വാമിയെ വിളിച്ചുവരുത്തിയത്.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വാമിയുടെ പക്കൽ ഉണ്ടായിരുന്ന 105 ഗ്രാമോളം വരുന്ന സ്വർണവും പ്രതികൾ തട്ടിയെടുത്ത് വീതം വച്ചതായാണ് റിപ്പോർട്ട്. ഈ സ്വർണം പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.