AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: കോണ്‍ഗ്രസിന്റേത് നെഗറ്റീവ് സമീപനം, അവര്‍ ഉടന്‍ പിളരും; രൂക്ഷവിമര്‍ശനവുമായി മോദി

Narendra Modi: കോണ്‍ഗ്രസ് പിളരാന്‍ സാധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ വിജയം നേടിയതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

PM Modi: കോണ്‍ഗ്രസിന്റേത് നെഗറ്റീവ് സമീപനം, അവര്‍ ഉടന്‍ പിളരും; രൂക്ഷവിമര്‍ശനവുമായി മോദി
PM ModiImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 14 Nov 2025 | 08:26 PM

ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ നേടിയ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് പൂര്‍ണമായും ‘നെഗറ്റീവ് രാഷ്ട്രീയത്തെ’യാണ് ആശ്രയിക്കുന്നതെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയും, തിരഞ്ഞെടുപ്പ് കമ്മീഷനെയുമടക്കം ആവര്‍ത്തിച്ച് അധിക്ഷേപിക്കാറുണ്ടെന്നും, അവര്‍ക്ക് രാജ്യത്തെക്കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാടില്ലെന്നും മോദി ആഞ്ഞടിച്ചു.

പ്രീണനമാണ് കോണ്‍ഗ്രസിന്റെ അജണ്ട. കോണ്‍ഗ്രസ് നാശത്തിന്റെ പാതയിലേക്ക് പോവുകയാണ്. കോണ്‍ഗ്രസ് ഉടന്‍ പിളരുമെന്നും മോദി പ്രവചിച്ചു. കോണ്‍ഗ്രസിനൊപ്പം ചേരുന്ന സഖ്യകക്ഷികളെയും ഇത് ബാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കുന്നു. ‘വോട്ട് ചോറി’ പോലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ നിസ്സാരമായ പരാതികൾ നൽകുന്നു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുന്നു. കോൺഗ്രസിന് രാജ്യത്തെക്കുറിച്ച് ഒരു പോസിറ്റീവ് കാഴ്ചപ്പാടുമില്ല”-പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Also Read: PM Modi: സദ്ഭരണവും വികസനവും വിജയിച്ചു, എല്ലാവര്‍ക്കും നന്ദി; ബിഹാറിലെ ജയത്തില്‍ മോദിയുടെ ആദ്യ പ്രതികരണം

ബിഹാറിലെ ജനങ്ങൾ സമൃദ്ധിക്കും വികസനത്തിനും വോട്ട് ചെയ്തു. ബിഹാർ വിധി വെറുമൊരു ജനവിധിയല്ല, മറിച്ച് ഒരു സുനാമിയും കൂടിയാണ്. സ്ത്രീകളുടെയും യുവാക്കളുടെയും ജയമാണിത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തെയും, എന്‍ഡിഎ നേതാക്കളുടെ പ്രവര്‍ത്തനത്തെയും, ജനാധിപത്യത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും വിശ്വാസം പ്രകടിപ്പിച്ച് റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്ത ജനങ്ങളെയും അഭിനന്ദിക്കുന്നു.

‘ജംഗിള്‍ രാജ്’ ഭരണകാലത്ത് ബിഹാറില്‍ ബൂത്ത് പിടിച്ചെടുക്കലുകളടക്കമുള്ള അക്രമ പരിപാടികള്‍ പതിവുസംഭവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം സംഭവങ്ങള്‍ നടക്കുന്നില്ല. എന്‍ഡിഎയുടെ ജയം ആര്‍ജെഡിയുടെ ജംഗിള്‍ രാജ് അനുഭവിക്കേണ്ടി വന്ന ബിഹാറിലെ സ്ത്രീകളുടെ വിജയമാണ്. ബീഹാർ നിയമസഭാ വിജയം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനം വേഗത്തിൽ പുരോഗമിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും മോദി പറഞ്ഞു.