Viral Video: ഇനി കാറിലും ഹെല്‍മറ്റ്; പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
Agra Car Driver Wearing Helmet: കാർ ഉപയോഗിക്കുന്നയാള്‍ ഹെൽമറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പോലീസ് പിഴ ചുമത്തിയതിലുള്ള പ്രതിഷേധ സൂചകമായാണ് യുവാവ് ഹെല്‍മറ്റ് ധരിച്ച് കാര്‍ ഓടിച്ചത്.

Agra Car Driver Wearing Helmet
ആഗ്ര: ഹെല്‍മറ്റ് ധരിച്ച് കാറോടിക്കുന്ന ഒരു കാർ ഡ്രൈവറുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാർ ഉപയോഗിക്കുന്നയാള്‍ ഹെൽമറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പോലീസ് പിഴ ചുമത്തിയതിലുള്ള പ്രതിഷേധ സൂചകമായാണ് യുവാവ് ഹെല്‍മറ്റ് ധരിച്ച് കാര്‍ ഓടിച്ചത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
പ്രൊഫഷണൽ അധ്യാപകനായ ഗുൽഷൻ ആണ് ഈ ഡ്രൈവർ. ഇനി പിഴ വരാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതലെന്ന നിലയിലാണ് ഈ വിചിത്ര നടപടിയെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞ മാസം 26-ാം തീയതി കാറോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ല എന്ന പേരിൽ ഇദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് പോലീസ് 1,100 രൂപ പിഴ ചുമത്തിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
Also Read:ഡല്‍ഹി സ്‌ഫോടനം; വെളിച്ചമായത് മുന്‍ കാമുകനെ കുറിച്ചുള്ള പെണ്‍കുട്ടിയുടെ പരാതി
താൻ അന്ന് കൃത്യമായി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും എന്നാല്‍, ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ചാണ് പിഴ ചുമത്തിയതെന്നും അധ്യാപകന്‍ പറയുന്നു. കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന ഒരാളാണ് താൻ. കാർ ഓടിക്കുന്ന തനിക്ക് ഹെൽമറ്റ് ഇല്ലെന്ന് കാണിച്ച് പിഴയിട്ട സ്ഥിതിക്ക് ഇനി ഹെല്‍മറ്റ് ധരിച്ച് തന്നെ കാര്‍ ഓടിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിൽ ചലാൻ ഒഴിവാക്കാൻ താൻ ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.