Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; ഡിഎന്‍എ പരിശോധനയിലൂടെ 19 പേരെ തിരിച്ചറിഞ്ഞു
19 identified through DNA tests; ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഡാക്കോറിൽ നിന്നുള്ള പൂർണിമ പട്ടേലിന്റെ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി. പൂര്‍ണിമയുടെ മൃതദേഹം സംസ്‌കരിച്ചു. മകനെ കാണാൻ ലണ്ടനിലേക്ക് പോകുന്നതിനിടെയാണ് പൂര്‍ണിമ അപകടത്തില്‍പെട്ടത്

അഹമ്മദാബാദിലെ വിമാനാപകടം
അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരിച്ച 241 യാത്രക്കാരില്‍ 19 പേരെ ഡിഎന്‍എ സാമ്പിള്‍ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ശനിയാഴ്ച രാത്രി 9 മണി വരെ നടത്തിയ പരിശോധനയില്‍ 19 പേരെ തിരിച്ചറിഞ്ഞതായി ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) യൂണിറ്റ് ടീമും നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി (എൻഎഫ്എസ്യു) സംഘവും കൂടുതൽ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Update as of 9:00 PM
– DNA Matching Progress: 19 DNA samples have been matched so far, confirming the identities of victims.
– Ongoing Efforts: State Forensic Science Laboratory (FSL) unit team and National Forensic Sciences University (NFSU) team are working through the night…
— Harsh Sanghavi (@sanghaviharsh) June 14, 2025
തിരിച്ചറിഞ്ഞ മൃതദേഹങ്ങളില്‍ കല്‍പന പ്രജാപതി, ബ്രിട്ടീഷ് പൗര അലിസിയ മക്വാന എന്നിവരുടെ പേരുകള്‍ പുറത്തുവന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തിരിച്ചറിഞ്ഞ മറ്റുള്ളവര്‍. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഉടന്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറുമെന്നാണ് വിവരം.
ബന്ധുക്കള്‍ വിദേശത്താണെങ്കില്‍, അവര്‍ ഡിഎന്‍എ റിപ്പോര്‍ട്ട് അയച്ചതിനുശേഷം വരവ് ആസൂത്രണം ചെയ്യണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ട വിദേശികളുടെ ബന്ധുക്കളോടും ഡിഎൻഎ പ്രൊഫൈൽ റിപ്പോർട്ടുകൾ റഫറൻസ് സാമ്പിളായി അയയ്ക്കാൻ അഭ്യര്‍ത്ഥിച്ചു.
തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തും. പിന്നീട് നിശ്ചിത തീയതിയില്‍ എത്തി ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ സ്വീകരിക്കാം. ബന്ധുക്കള്‍ക്ക് ഇതുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റുകളും നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 21 വിദേശികളുടെ ഡിഎന്‍എ സാമ്പിളുകളെങ്കിലും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരിച്ചറിഞ്ഞവയില്‍ ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഡാക്കോറിൽ നിന്നുള്ള പൂർണിമ പട്ടേലിന്റെ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി. പൂര്‍ണിമയുടെ മൃതദേഹം സംസ്‌കരിച്ചു. മകനെ കാണാൻ ലണ്ടനിലേക്ക് പോകുന്നതിനിടെയാണ് പൂര്‍ണിമ അപകടത്തില്‍പെട്ടത്. കനേഡിയൻ പൗരനായ പിയൂഷ് പട്ടേലിന്റെ (29) ബന്ധുക്കൾ ഡിഎൻഎ സാമ്പിളുകൾ ഉടന്‍ സമര്‍പ്പിക്കുമെന്ന് ഖേഡ ജില്ലാ കളക്ടർ അമിത് പ്രകാശ് യാദവ് പറഞ്ഞ. പിയൂഷിന്റെ ഏഴ് വയസുള്ള മകളാണ് ഡിഎന്‍എ സാമ്പിള്‍ നല്‍കുന്നത്.