Ahmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; വിമാനത്താവളം താത്കാലികമായി അടച്ചു
Ahmedabad Plane Crash Updates: ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയിൽ തകർന്നുവീണത്. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

അഹമ്മദാബാദ് വിമാനാപകടം
അഹമ്മദാബാദ്: വിമാനാപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം താത്കാലികമായി അടച്ചു. ഇന്ന് (ജൂൺ 12) വൈകുന്നേരം അഞ്ച് മണി വരെയാണ് വിമാനത്താവളം അടച്ചത്. അഹമ്മദാബാദിൽ നിന്ന് 242 പേരുമായി ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. 30 പേർ മരിച്ചതായാണ് വിവരം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം ജനവാസ മേഖലയിൽ തകർന്നുവീണത്. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
യാത്രക്കാരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. രക്ഷാദൗത്യത്തിനായി 270 അംഗ എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അർധ സൈനിക വിഭാഗവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തന്നെ തകർന്നു വീഴുകയായിരുന്നു. മരത്തിലിടിച്ചാണ് വിമാനം തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. വ്യോമയാനമന്ത്രി രാം മോഹൻ നായിഡുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടൻ തന്നെ അഹമ്മദാബാദിലേക്ക് എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ALSO READ: അഹമ്മദാബാദിൽ വിമാനം തകർന്നുവീണു; 242 യാത്രക്കാരുണ്ടെന്ന് വിവരം, രക്ഷാപ്രവർത്തനം ആരംഭിച്ചു
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. അപകടത്തിൽ പെട്ടവരിൽ ഒരു മലയാളിയും ഉണ്ടെന്നാണ് വിവരം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലുമായി സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്ഷാപ്രവർത്തനത്തിനുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നതായി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അറിയിച്ചു.