സ്ത്രീകളോട് ‘കടക്ക് പുറത്ത്’ പറയുന്ന താലിബാൻ; എന്നിട്ടും ഇന്ത്യ അഫ്ഗാനെ കൂടെ നിർത്തുന്നു, കാരണം…
Amir Khan Muttaqi Press Conference Controversy: ഒരാഴ്ച നീണ്ട് നിൽക്കുന്ന സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാൻ്റെ ആക്ടിങ് വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്താഖി ഡൽഹിയിൽ എത്തിയത്. വന്നപാടെ താലിബാൻ നേതാവ് വലിയ വിവാദ അന്തരീക്ഷം സൃഷ്ടിച്ചു. എന്നിട്ടും ഇന്ത്യ അഫ്ഗാനെ കൂടെ നിർത്തുകയാണ്, അത് എന്തിന് എന്ന് പരിശോധിക്കാം

Amir Khan Muttaqi, Dr S Jaishankar
ന്യൂഡല്‍ഹി: തീവ്ര മതവിശ്വാസവും അതിനെ മുറുകെ പിടിക്കുന്ന അധാർമിക നിയമവ്യവസ്ഥയുമുള്ള രാജ്യമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന താലിബാൻ രാഷ്ട്രം. എന്നാൽ ആ താലിബാനുമായിട്ടുള്ള ഇന്ത്യയുടെ നയം അടുത്ത കുറെ നാളുകളായി മയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാൻ്റെ ആക്ടിങ് വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി ഒരാഴ്ച നീണ്ട് നിൽക്കുന്ന ഇന്ത്യ സന്ദർശനത്തിനായി ന്യൂ ഡൽഹിയിൽ എത്തി ചേർന്നിരുന്നു. ഡൽഹിയിൽ എത്തിയപ്പാടെ അമിർ ഖാൻ മുത്തഖി തങ്ങളുടെ പതിവ് ശൈലി തുടർന്നു, ‘സ്ത്രീകൾ അരങ്ങത്തേക്ക് വേണ്ട’ എന്ന നയത്തിൽ വനിത മാധ്യമപ്രവർത്തകരെ താലിബാൻ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മുത്തഖിയുടെ വാര്‍ത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയ വനിത മാധ്യമപ്രവർത്തകരെ വിലക്കിയത് വലിയ ചോദ്യങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചു. എന്നിട്ടും ഇന്ത്യ അഫ്ഗാനെ കൈ ഒഴിയാഞ്ഞത് ദേശസുരക്ഷയും മറ്റ് തന്ത്രപരമായ വിഷയങ്ങളും മുന്‍നിര്‍ത്തിയാണ്. അത് എന്ത്, എങ്ങനെ എന്ന് പരിശോധിക്കാം.
ആദ്യം അഫ്ഗാനോട് അകലം പാലിച്ച ഇന്ത്യ, പിന്നീട്…
2021ൽ അഫ്ഗാനിൽ ജനാധിപത്യ സർക്കാർ വീണ് താലിബാൻ അധികാരത്തിലേറുമ്പോൾ, ഇന്ത്യ ആദ്യം ആശങ്കയിലായിരുന്നു. കാരണം, താലിബാൻ പോലെ തീവ്ര വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ഭരണകൂടം അഫ്ഗാൻ പിടിച്ചടുക്കുമ്പോൾ ഏത് വിധത്തിലാണ് രാജ്യസുരക്ഷയെ ബാധിക്കുക എന്ന ചോദ്യം ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നു. അതെ തുടർന്നായിരുന്നു ഇന്ത്യ എംബസി അടച്ചുപൂട്ടി അഫ്ഗാനിൽ നിന്നും പൗരന്മാരെ ഒഴിപ്പിച്ചത്. എന്നാൽ 2022 ഓടെ അഫ്ഗാനുമായി അകലം പാലിക്കാനുള്ള നയം ഇന്ത്യ മയപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും നിലനിൽക്കുന്ന കാബൂളിലേക്ക് സഹായത്തിൻ്റെ കരം ഇന്ത്യ നീട്ടി. അത് ഇന്ത്യയുടെ പുതിയ നയതന്ത്ര രൂപീകരണത്തിൻ്റെ മറ്റൊരു മുഖമായിരുന്നു. പിന്നീട് അഫ്ഗാൻ നേരിട്ട പ്രകൃതിദുരന്തങ്ങളില്‍ ഉൾപ്പെടെ ഇന്ത്യ സഹായസ്തം നീട്ടികൊണ്ടിരുന്നു. ഈ കഴിഞ്ഞ ഓഗസ്റ്റ് 31ന് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ താലിബാൻ രാഷ്ട്രത്തിന് ഇന്ത്യ വലിയ സഹായമാണ് വാഗ്ദാനം ചെയ്യുകയുണ്ടായത്.
ശേഷം ഇന്ത്യ മാനുഷികപരമായ സഹായങ്ങൾ ഒരുക്കുന്നതിനൊപ്പം അഫ്ഗാൻ്റെ വികസനങ്ങളിലും വ്യാപാരങ്ങളിലും വിതരണങ്ങളിലും കൈത്താങ്ങ് നൽകി. ഇക്കാര്യങ്ങൾക്കായി ഈ വർഷം ദുബായിൽ വെച്ച് നടന്ന യോഗത്തിൽ ഇരു രാജ്യങ്ങൾ തമ്മിൽ ധാരണയിലായി. അഫ്ഗാൻ്റെ പ്രധാന തുറമുഖമായ ചബഹാറിൻ്റെ പ്രവർത്തനമുൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ആ യോഗത്തിന് ശേഷം താലിബാൻ ഭരണകൂടം ഇന്ത്യയെ വിശേഷിപ്പിച്ചത് അഫ്ഗാൻ്റെ സാമ്പത്തിക പ്രാദേശിക പങ്കാളിയെന്നായിരുന്നു. അതോടൊപ്പം അയൽക്കാരായ പാകിസ്താനുമായിട്ടുള്ള താലിബാൻ ബന്ധം വഷളായതോടെ ഇന്ത്യക്ക് അത് കൂടുതൽ അവസരമായി മാറി. താലിബാനോട് അകലം പാലിച്ച ഇമ്രാൻ ഖാൻ മന്ത്രിസഭ വീണെങ്കിലും ഇന്ത്യക്ക് മുകളിലായി പാകിസ്താന് കൈ കൊടുക്കാൻ അഫ്ഗാൻ തുനിഞ്ഞില്ല.
ദേശസുരക്ഷ
താലിബാൻ ഭരണകൂടം അഫ്ഗാൻ പിടിച്ചടക്കുമ്പോൾ ഇന്ത്യക്കുണ്ടായിരുന്ന ഏറ്റവും വലിയ ആശങ്ക രാജ്യത്തിൻ്റെ സുരക്ഷ തന്നെയായിരുന്നു. ഐഎസ്ഐഎസ്, ലഷ്കർ-ഇ-തൊയ്ബ, അൽ ഖ്വയ്ദ പോലെയുള്ള തീവ്രവാദ സംഘടനകൾക്ക് പ്രവർത്തിക്കാൻ കാബൂൾ എന്നും വളക്കൂറുള്ള മണ്ണാണ്. എന്നാൽ കൃത്യതയോടെയുള്ള നയതന്ത്രം വഴി അഫ്ഗാൻ മണ്ണിൽ നിന്നുള്ള തീവ്രവാദത്തെ മാറ്റി നിർത്താൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. ഇതോടൊപ്പം പാകിസ്താനുമായി താലിബാൻ അകലം പാലിക്കുന്നത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുന്നു. കാരണം പാകിസ്താൻ-ചൈന-അഫ്ഗാൻ ത്രയങ്ങൾ ഒന്നിച്ചാലുണ്ടാകുന്ന പ്രതിസന്ധി മുൻകണ്ടാണ് ഇന്ത്യ ഈ ഒരു നയതന്ത്ര നിലപാട് സുക്ഷ്മതയോടെ എടുക്കുന്നത്.
മറിച്ച് താലിബാനാകട്ടെ തങ്ങളുടെ പ്രതിച്ഛായ മാറ്റാനാനാണ് ഇന്ത്യയുമായിട്ടുള്ള ബന്ധം ഉപയോഗപ്പെടുത്തുന്നത്. 2021ൽ അഫ്ഗാനെ പശ്ചാത്യരാജ്യങ്ങൾ കൈ ഒഴിഞ്ഞപ്പോൾ, പുറത്ത് നിന്നും സഹായം നീട്ടിയത് ഇന്ത്യയും റഷ്യയും മാത്രമാണ്. ഇതിൽ റഷ്യ മാത്രമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ ഇതുവരെ അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുൾപ്പെടെയുള്ള മികച്ച സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യങ്ങളുടെ അംഗീകാരം ഗുണം ചെയ്യുക താലിബാനാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാമായിട്ടുള്ള ചർച്ചയിൽ എംബസി പ്രവർത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്ന കാര്യങ്ങൾ ഉൾപ്പെടെ തീരുമാനമായത് ഇതിൻ്റെ ഉദാഹരണമാണ്.