Hospital Wall Collapse Accident: ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും
Bengaluru Hospital Wall Collapse Accident Updates : ആശുപത്രി വളപ്പും റോഡും തമ്മിൽ വേർതിരിച്ച് കെട്ടിയ മതിലിന് മൂന്ന് മീറ്ററോളം ഉയരമുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇഷ്ടികകൾക്ക് അടിയിൽപ്പട്ടവരെ ഉടൻ പുറത്തെടുത്ത് ബൗറിങ് ആശുപത്രിയിൽ തന്നെ എത്തിച്ചു.
ബെംഗളൂരു: ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് ഏഴ് പേർ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. ഇന്നലെ അപകടത്തിന് പിന്നാലെയാണ് കർണാടക സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം, മരിച്ച ഏഴ് പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. പുലർച്ചെയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായെന്നും മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
പരിക്കേറ്റവർ അപകടനില തരണം ചെയ്തിട്ടുണ്ട്. മൂന്ന് മലയാളികൾ ഉൾപ്പെടെ നില മെച്ചപ്പെട്ടു. അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പോലീസ് കേസെടുത്തതായും കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ആശുപത്രി മതിൽ തകർന്ന് വീണ് അപകടം
ഇന്നലെ രാത്രിയോടെയാണ് കനത്ത മഴയിൽ ബെംഗളൂരു ശിവാജി നഗർ ബൗറിങ് ആശുപത്രി മതില്‍ തകര്‍ന്ന് വീണത്. എട്ടടി ഉയരമുള്ള ചുറ്റുമതിലാണ് തകർന്ന് വീണത്. അപകടത്തിൽ വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരും ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്. മൂന്ന് കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷ നേടാൻ വേണ്ടി നിന്ന കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.




ആശുപത്രി വളപ്പും റോഡും തമ്മിൽ വേർതിരിച്ച് കെട്ടിയ മതിലിന് മൂന്ന് മീറ്ററോളം ഉയരമുണ്ട്. അപകടമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇഷ്ടികകൾക്ക് അടിയിൽപ്പട്ടവരെ ഉടൻ പുറത്തെടുത്ത് ബൗറിങ് ആശുപത്രിയിൽ തന്നെ എത്തിച്ചു. എന്നാൽ കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ രക്ഷിക്കാൻ കഴിഞ്ഞില്ല.
ALSO READ: ദുരിതം പെയ്തിറങ്ങി! ബെംഗളൂരുവില്‍ മതില്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
കണ്ണീരിലാഴ്ത്തിയ വിനോദയാത്ര
അപകടത്തിൽ രണ്ട് മലയാളികളും മരിച്ചു. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവർക്കാണ് ജീവൻ നഷ്ടമായത്. മൂന്ന് മലയാളികൾക്കും പരിക്കേറ്റിട്ടവുണ്ട്. രാമമംഗലം പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരായ ഇവർ വിനോദ യാത്രയ്ക്ക് വേണ്ടിയാണ് ബെംഗളൂരുവിൽ എത്തിയത്. 56 പേർ ഉണ്ടായിരുന്നു സംഘത്തിൽ. ബുധനാഴ്ച കൊച്ചിയിൽ നിന്ന് വിമാനത്തിലാണ് ബെംഗളൂരുവിൽ എത്തിയത്. ഷോപ്പിങ്ങിനായി ശിവാജി നഗറിൽ എത്തിയപ്പോഴാണ് അപകടം. ഇതിന് ശേഷം മൈസൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നു.പരിക്കേറ്റവർ അപകടനില തരണം ചെയ്തതായാണ് വിവരം.
ആദ്യമായി വിമാനത്തിൽ കയറിയ സന്തോഷത്തിലായിരുന്നു സംഘം. ഉച്ച ഭക്ഷണത്തിന് ശേഷമാണ് ശിവാജി നഗറിൽ എത്തിയത്. സെയ്ന്‍റ് മേരീസ് ബസിലിക്ക സന്ദർശിക്കുകയും ഷോപ്പിങ് നടത്തുകയുമായിരുന്നു ലക്ഷ്യം. മഴ പെയ്തതോടെ വഴിയോര കച്ചവടക്കാർ വലിച്ചു കെട്ടിയ ടാർപായയ്ക്ക് കീഴിൽ കയറി നിന്നു. എന്നാൽ മഴ ശക്തി പ്രാപിച്ചതോടെ മതിൽ ഇടിഞ്ഞ് ഇവരുടെ മേൽ വീഴുകയായിരുന്നു. പരിക്കേറ്റവർ അപകടാവസ്ഥ തരണം ചെയ്തു. കുടുംബശ്രീ ജില്ലാ കോഡിനേറ്റർ രജീനയും അസി. കോഡിനേറ്റർ അനുമോളും ഇവർക്കൊപ്പം ആശുപത്രിയിൽ ഉണ്ട്.
അപകട സ്ഥലം സന്ദർശിച്ച് സിദ്ധരാമയ്യ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപകട സ്ഥലം സന്ദർശിക്കുകയും ധന സഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അടിയന്ത ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടത്താൻ നിർദേശിക്കുകയും ചെയ്തു. കൂടുതൽ ആളുകള്‍ തിങ്ങി നിന്നതിനെ തുടർന്ന് ഉണ്ടായ സമ്മർദ്ദമാണ് അപകടത്തിന് കാരണം എന്നാൽ ഉദ്യോഗസ്ഥർ അറിയിച്ചത്.
മരിച്ചവരുടെ കുടുംബത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഉത്തരവാദികളായവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അപകട സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
English Summary:
High Level Probe into Hospital Wall Collapse Accident in Bengaluru Begins Today. Postmortems of four of the seven deceased have been completed.