Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Bengaluru Husband Killed Wife: ആറ് വർഷം മുൻപാണ് ആശയും കുനിഗൽ സ്വദേശിയായ വിരൂപാക്ഷയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലാണ് താമസിച്ചിരുന്നത്. വിരൂപാക്ഷയുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു.

Represental Image
ബെംഗളൂരു: രാജരാജേശ്വരി നഗറിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ജനുവരി 10നാണ് ആശ എന്ന യുവതിയെ ആർആർ നഗറിലെ വാടകമുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് വർഷം മുൻപാണ് ആശയും കുനിഗൽ സ്വദേശിയായ വിരൂപാക്ഷയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലാണ് താമസിച്ചിരുന്നത്.
ALSO READ: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
വിവാഹത്തിന്റെ തുടക്കം മുതൽ തന്നെ ഇരുവരരും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. വിരൂപാക്ഷ ആശയെ പരിഗണിച്ചിരുന്നില്ലെന്നാണ് അവരുടെ സഹോദരൻ പറയുന്നത്. വിരൂപാക്ഷ ജോലിക്ക് പോകാത്തതിനാൽ ആശയുടെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. വിരൂപാക്ഷയുടെ അവിഹിത ബന്ധങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ഒന്നര മാസമായി ഇവർ പിരിഞ്ഞു താമസിച്ച് വരികയായിരുന്നു. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ക്രൂര കൊലപാതകം.
തുടക്കത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കേസിൽ നിർണായകമായ വിവരങ്ങൾ പുറത്തുവന്നത്. മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ അന്വേഷണം ഭർത്താവിലേക്കും പിന്നീട് സുഹൃത്തിലേക്ക് തിരിയുകയായിരുന്നു. തുടർന്ന് ജനുവരി 14ന് വിരൂപാക്ഷയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോലീസിൻ്റെ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. വിരൂപാക്ഷ ആശയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം, സുഹൃത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.