Bengaluru Metro: നമ്മ മെട്രോ ഓറഞ്ച് ലെയിനായി 25 കോടിയുടെ ഫ്ലൈഓവർ പൊളിയ്ക്കുന്നു; ടെൻഡറുകൾ ക്ഷണിച്ച് അധികൃതർ
Flyover Demolishing For Bengaluru Metro: ബെംഗളൂരു മെട്രോ പ്രൊജക്ടിൻ്റെ ഭാഗമായി മറ്റൊരു ഫ്ലൈഓവർ കൂടി പൊളിക്കുന്നു. ഡോളേഴ്സ് കോളനി ഫ്ലൈഓവറാണ് പൊളിക്കുന്നത്.

ബെംഗളൂരു മെട്രോ
ബെംഗളൂരു മെട്രോ ഓറഞ്ച് ലെയിനായി ഫ്ലൈഓവർ പൊളിയ്ക്കുന്നു. ജെപി നഗറിലെ ഡോളേഴ്സ് കോളനി ജംഗ്ഷനിലെ ഫ്ലൈഓവറാണ് പൊളിക്കുന്നത്. 2018ൽ 25 കോടി രൂപ മുടക്കി നിർമ്മിച്ചതാണ് ഈ ഫ്ലൈഓവർ. എന്നാൽ, ഓറഞ്ച് ലൈനായി ഇത് ഇപ്പോൾ പൊളിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.
ജയദേവ ഫ്ലൈ ഓവറും നേരത്തെ ബെംഗളൂരു മെട്രോ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോളേഴ്സ് കോളനി ജംഗ്ഷനിലെ ഫ്ലൈഓവറും പൊളിക്കാൻ തീരുമാനിച്ചത്. ജെപി നഗർ – കെമ്പപ്പുര ഭാഗങ്ങളിലൂടെയാണ് ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ കടന്നുപോകുന്നത്. ഈ പാതയ്ക്കിടയിലാണ് ഫ്ലൈഓവർ.
Also Read: Chennai Metro: ചെന്നൈ മെട്രോ കോയമ്പേട്-ബട്ട് റോഡ് പാത ജൂണിൽ തുറക്കും
2018ലാണ് ഡോളേഴ്സ് കോളനി ഫ്ലൈഓവർ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. മുഖ്യമന്ത്രി ആയിരുന്ന സിദ്ധരാമയ്യ ആയിരുന്നു ഉദ്ഘാടനം. ഒരു കിലോമീറ്ററാണ് ഫ്ലൈ ഓവറിൻ്റെ ദൂരം. ബന്നേർഘട്ട റോഡ്, മൈസൂർ റോഡ്, ജയനഗർ എന്നിവിടങ്ങളിലേക്കുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിൽ ഈ ഫ്ലൈഓവർ നിർണായകമായിരുന്നു. മെട്രോ ഓറഞ്ച് ലൈൻ കോറിഡോറിൽ പുതിയ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ നിർമ്മിക്കാനാണ് പദ്ധതി. അതുകൊണ്ട് തന്നെ പഴയ ഫ്ലൈഓവർ പൊളിച്ചുനീക്കേണ്ടതുണ്ട്. ജെപി നഗറിനെ കെമ്പപ്പുരയുമായി ബന്ധിപ്പിക്കുന്നതാണ് ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ.
മൂന്ന് പാക്കേജുകളായാണ് ബിഎംആർസിഎൽ ഇതിന് ടെൻഡറുകൾ ക്ഷണിച്ചത്. പുതിയ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ നിർമ്മിക്കാൻ പഴയ ഫ്ലൈ ഓവർ പൊളിച്ചുനീക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് ഈ ഫ്ലൈ ഓവർ ഗുണകരമായിരുന്നെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഗുണം ചെയ്യുമെന്നും അധികൃതർ പറയുന്നു. പഴയ ഫ്ലൈ ഓവർ പൊളിച്ചുനീക്കിയാൽ പുതിഹ ഫ്ലൈ ഓവർ നിർമ്മാണം ആരംഭിക്കും.