Chennai Metro: ചെന്നൈ മെട്രോയിൽ ഇനി ഡ്രൈവറില്ലാ ട്രെയിൻ; ആ കടമ്പയും പിന്നിട്ടു
Chennai Metro Driverless Train Trial Run: സിഗ്നലിംഗ് പരിശോധനകളും വിവിധ സുരക്ഷാ ക്ലിയറൻസുകളും ലഭിച്ച ശേഷം ഉടൻ തന്നെ ഈ പാതയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് സിഎംആർഎൽ പദ്ധതിയിടുന്നത്.
നഗരത്തിലെ യാത്രാ സൗകര്യങ്ങളിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്. മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ട്രെയിനിന്റെ പരീക്ഷണ ഓട്ടം പോരൂർ ജംഗ്ഷൻ വരെ വിജയകരമായി നടത്തിയതായി അധികൃതർ അറിയിച്ചു. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയിലാണ് പരീക്ഷണ ഓട്ടം നടന്നത്.
പൂനമല്ലി ഡിപ്പോയിൽ മുതൽ പോരൂർ ജംഗ്ഷൻ വരെയായിരുന്നു പരീക്ഷണ ഓട്ടം. ഏകദേശം 10 കിലോമീറ്റര്‍ നീളത്തിലുള്ള റൂട്ടിലായിരുന്നു പരീക്ഷണം. ട്രയൽ റണ്ണിൽ സിഎംആർഎൽ മാന്‍റേജിംഗ് ഡയറക്ടര്‍ എം. എ. സിദ്ദികും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രൈവറില്ലാത്ത ട്രെയിനുകൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകളും സിഗ്നലിംഗ് സംവിധാനങ്ങളും കൃത്യമാണോ എന്ന് പരിശോധിക്കാനാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ടത്.
സിഗ്നലിംഗ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഈ ട്രെയിൻ പ്രവർത്തിക്കുക. അത്യാധുനിക സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് ട്രെയിനിന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നു. എന്തെങ്കിലും തടസ്സങ്ങളുണ്ടായാൽ ട്രെയിൻ സ്വയം ബ്രേക്ക് ഇടാനുള്ള സംവിധാനവും ഇതിലുണ്ട്. തിരക്കുള്ള സമയങ്ങളിൽ ട്രെയിനുകൾക്കിടയിലെ ഇടവേള കുറയ്ക്കാനും കൃത്യസമയത്ത് സർവീസ് നടത്താനും ഈ സാങ്കേതികവിദ്യ സഹായിക്കും.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. സിഗ്നലിംഗ് പരിശോധനകളും വിവിധ സുരക്ഷാ ക്ലിയറൻസുകളും ലഭിച്ച ശേഷം ഉടൻ തന്നെ ഈ പാതയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് സിഎംആർഎൽ പദ്ധതിയിടുന്നത്.