Namma Metro: ബെംഗളൂരുവിന്റെ തലവര മാറുന്നു; നമ്മ മെട്രോ പിങ്ക് ലൈന്‍ ഉടന്‍ തുറക്കും
Bengaluru Metro Pink Line Opening Soon: യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കാന്‍ ബിഎംആര്‍സിഎല്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ സര്‍വീസ് നടക്കുന്ന ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലേക്ക് ഉടന്‍ പുതിയ ട്രെയിനുകളെത്തും.
ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതികളില്‍ ഒന്നാണ് നമ്മ മെട്രോ. ഓരോ വര്‍ഷവും യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നമ്മ മെട്രോയില്‍ കൊണ്ടുവരുന്നുണ്ട്. ഗതാഗത കുരുക്ക് ഇല്ലാതാക്കുന്നതിന് ഏറെ സഹായകമായ മെട്രോ 2027 നുള്ളില്‍ കൈവരിക്കാന്‍ പോകുന്നത് സുപ്രധാന മാറ്റങ്ങളാണ്.
യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കാന്‍ ബിഎംആര്‍സിഎല്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ സര്‍വീസ് നടക്കുന്ന ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലേക്ക് ഉടന്‍ പുതിയ ട്രെയിനുകളെത്തും. ഗ്രീന്‍ ലൈനിലേക്ക് 21 പുതിയ ട്രെയിനുകളാണ് ബിഎംആര്‍സിഎല്‍ കൊണ്ടുവരുന്നത്. ഇവിടെ നിലവില്‍ സര്‍വീസ് നടത്തുന്ന 17 ട്രെയിനുകള്‍ പര്‍പ്പിള്‍ ലൈനിലേക്ക് മാറ്റും.
ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്തയുമായാണ് ബിഎംആര്‍സിഎല്‍ എത്തിയിരിക്കുന്നത്. ബെംഗളൂരു മെട്രോ ശൃംഖലയിലെ പിങ്ക്, ബ്ലൂ ലൈനുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചേക്കും. പിങ്ക് ലൈനിന്റെ ഭാഗമായ എലിവേറ്റഡ് പാത ഈ വര്‍ഷം മെയ് മാസത്തില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെയുള്ളതാണ് ഈ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത.
തവരേക്കരെ മുതല്‍ നാഗവാര വരെയുള്ള ഭൂഗര്‍ഭ പാത നവംബര്‍ മാസത്തോടെയായിരിക്കും തുറന്നുകൊടുക്കുന്നത്. ആകെ 12 സ്‌റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ബ്ലൂ ലൈനിന്റെ ആദ്യ ഘട്ടമായ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍പുര വരെയുള്ള പാത ഡിസംബര്‍ മാസത്തോടെയും തുറക്കും. 17.75 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ പാതയ്ക്കുള്ളത്. ആകെ 13 സ്റ്റേഷനുകളും ഉണ്ട്.
ബ്ലൂ ലൈന്‍ പാതയുടെ രണ്ടാം ഘട്ടം 2027 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 58.19 കിലോമീറ്ററുള്ള രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങള്‍ ഒരു കുടക്കീഴില്‍ വരും.