Namma Metro: ജെപി നഗര്‍-കെമ്പാപുര ഓറഞ്ച് ലൈനില്‍ കുതിക്കാം; നമ്മ മെട്രോയില്‍ കണ്ണുംനട്ട് യാത്രക്കാര്‍
JP Nagar Kempapura Metro: ബെംഗളൂരുവിലെ വര്‍ധിച്ചുവരുന്ന ചെലവുകള്‍, മറ്റ് കാലതാമസം, അതിവേഗം വളരുന്ന നഗരം തുടങ്ങി വിവിധ കാരണങ്ങള്‍ നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്നതായാണ് വിവരം. 2024 ഓഗസ്റ്റ് 16നാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്.
ബെംഗളൂരു: കര്‍ണാടകയിലെ മെട്രോ സര്‍വീസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. അക്കൂട്ടത്തില്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് നമ്മ മെട്രോ ഓറഞ്ച് ലൈന്‍ നിര്‍മാണം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ നിര്‍മാണം തുടങ്ങിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓറഞ്ച് ലൈനിന്റെ തറക്കല്ലിട്ടത്.
ബെംഗളൂരുവിലെ വര്‍ധിച്ചുവരുന്ന ചെലവുകള്‍, മറ്റ് കാലതാമസം, അതിവേഗം വളരുന്ന നഗരം തുടങ്ങി വിവിധ കാരണങ്ങള്‍ നിര്‍മാണത്തിന് തടസം സൃഷ്ടിക്കുന്നതായാണ് വിവരം. 2024 ഓഗസ്റ്റ് 16നാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ അതിന് ശേഷം ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) സിവില്‍ ജോലികള്‍ക്കായി ടെന്‍ഡറുകള്‍ വിളിക്കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
കാലതാമസം വരുന്നതിന് അനുസരിച്ച് സാമ്പത്തിക സമ്മര്‍ദവും വര്‍ധിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏകദേശം 15,611 കോടി ചെലവാണ് പദ്ധതിയ്ക്കായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇനി അതിലും അധികം തുക ചെലവാക്കേണ്ടി വരുമെന്നാണ് നിഗമനം.
Also Read: Namma Metro: ഹൊസഹള്ളിയില്‍ നിന്ന് നേരെ കടബാഗെരയിലേക്ക്; മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കും
ബെംഗളൂരുവിന്റെ പടിഞ്ഞാറ് ഭാഗത്തേക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന മെട്രോ ലൈനാണ് ഓറഞ്ച് ലൈന്‍. ആകെ 44.65 കിലോമീറ്റര്‍ നീളം ഉണ്ടായിരിക്കും ഇതിന്. റെസിഡന്‍ഷ്യല്‍ ക്ലസ്റ്ററുകള്‍, വ്യാവസായിക ബെല്‍റ്റുകള്‍, ഐടി ഹബ്ബുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പദ്ധതി കൂടിയാണിത്.
ഓറഞ്ച് ലൈനിന്റെ നാലാം ഘട്ടത്തില്‍ കെമ്പാപുരയിലേക്ക് ലൈന്‍ ദീര്‍ഘിപ്പിക്കും. നിലവിലുള്ള മെട്രോ ലൈനുകളുടെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയില്‍ കൂടിയായിരിക്കും ഓറഞ്ച് ലൈനിന്റെ നിര്‍മാണം. ജെപി നഗര്‍ നാലാം ഘട്ടത്തില്‍ വരാനിരിക്കുന്ന പിങ്ക് ലൈനുമായി ഒരു ഇന്റര്‍ചേഞ്ചായി പ്രവര്‍ത്തിക്കും. മൈസൂരു റോഡിനെ പര്‍പ്പിള്‍ ലൈനുമായി ബന്ധിപ്പിക്കും.