Bengaluru Traffic violations: ബെംഗളൂരുവിലെ ഗതാഗത നിയമലംഘനക്കണക്ക് കേട്ടാല്‍ ഞെട്ടും; ഒന്നും രണ്ടുമല്ല, ലക്ഷങ്ങളാണ് കേസുകള്‍
Traffic violations are increasing in Bengaluru: ബെംഗളൂരുവില്‍ ആശങ്കജനകമായ തോതില്‍ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നു. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിതരണ ജീവനക്കാരാണ് നിയമലംഘകരില്‍ മുന്നിലെന്നാണ് റിപ്പോര്‍ട്ട്. 2023 നും 2025 നും ഇടയിൽ ബെംഗളൂരു ട്രാഫിക് പൊലീസ് 1.46 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ടെക്, വാണിജ്യ കേന്ദ്രങ്ങളില്‍ നിയമലംഘനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. ഡെലിവറി എക്സിക്യൂട്ടീവുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2023ല്‍ 30,968 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2024ല്‍ 52,123 ആയി. ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 63,718 കേസുകള്‍.
തെറ്റായ പാര്‍ക്കിങ്, റോങ് സൈഡിലൂടെയുള്ള ഡ്രൈവിങ്, ഫുട്പാത്തുകളിലെ ഡ്രൈവിങ്, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ പതിവാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ബിടിപിയുടെ കിഴക്കൻ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയത്. കെആർ പുരം, ഇന്ദിരാനഗർ, ഹലസുരു, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇവിടെ മൂന്ന് വര്‍ഷത്തിനിടെ 73,791 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഓരോ വര്‍ഷവും കേസുകളുടെ എണ്ണം ഇരട്ടിയാകുന്നതാണ് സ്ഥിതിവിശേഷം. വൈറ്റ്ഫീൽഡ് സബ്ഡിവിഷനിൽ മാത്രം മൂന്ന് വർഷം കൊണ്ട് കാല്‍ ലക്ഷത്തോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഗതാഗത നിയമലംഘനങ്ങള്‍ ചെറുക്കുന്നതിന് പൊലീസ് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.




പെട്ടെന്ന് വിതരണം ചെയ്യാനുള്ള സമ്മര്‍ദ്ദമാണ് ഡെലിവറി ജീവനക്കാരെ ഗതാഗത നിയമലംഘനങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിനുള്ള പരിഹാരം കണ്ടെത്താന്‍ കമ്പനികളും നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കിഴക്കന്‍ ഡിവിഷനില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രവണത. സൗത്ത് ഡിവിഷനിലും സമാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
Also Read: Bengaluru Metro: ഒടുവിലത് സംഭവിച്ചു, ബെംഗളൂരു മെട്രോയിൽ വമ്പൻ മാറ്റം
ഇവിടെ 44,313 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഡുഗോഡി, എച്ച്എസ്ആര്‍ ലേഔട്ട്, മൈക്കോ ലേഔട്ട് തുടങ്ങിയ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കൂടുതല്‍ കേസുകള്‍. ഇ-ബൈക്കുകളിലൂടെയും നിരവധി പേരാണ് നിയമങ്ങള്‍ ലംഘിക്കുന്നത്. ഇവ സൈക്കിളുകള്‍ പോലെ പരിഗണിക്കുന്നതിനാല്‍ ഇത് മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടില്‍ വരില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, ഇത്തരം സാഹചര്യങ്ങളില്‍ പൊലീസിന് നടപടിയെടുക്കാന്‍ പോലും സാധിക്കുന്നില്ല.
നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് കമ്മീഷണറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. വിതരണ കമ്പനികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് സ്റ്റേഷന്‍ തലത്തിലും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം.