Viral News: ‘എൻ്റെ സഹോദരി വിശന്നിരുന്നാലും എനിക്ക് വിഷമം തോന്നും’; യാത്രക്കാരിക്ക് ഭക്ഷണം നൽകി ബംഗളൂരു ഉബർ ഡ്രൈവർ
Bengaluru Uber Driver Viral News: മോഡലും നടിയുമായ യോഗിത റാത്തോഡ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിയായ ഇവർ ഷൂട്ടിനായാണ് ബെംഗളൂരുവിൽ എത്തിയത്. നമുക്ക് ഈ ലോകത്തോടുള്ള വിശ്വാസവും സ്‌നേഹവും കൂടാൻ ചിലരുടെ പ്രവൃത്തികൾ ധാരാളമാണെന്നും യുവതി പറയുന്നുണ്ട്.

മോഡലും നടിയുമായ യോഗിത റാത്തോഡ്
ബംഗളൂരു: യാത്ര ചെയ്യുമ്പോൾ നമ്മളെ തേടിയെത്തുന്നത് പല പ്രതിസന്ധികളാണ്. പ്രത്യേകിച്ച് പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെയാണ് നിങ്ങളുടെ യാത്രയെങ്കിൽ. എങ്കിലും ചില സമയത്ത് ദൈവത്തെ പോലെ നമ്മളെ സഹായിക്കാൻ ആരെങ്കിലുമൊക്കെ എത്തിച്ചേരും. അത്തരത്തിൽ ബെംഗളൂരുവിലെ ഒരു ഉബർ ഡ്രൈവറുടെ സഹായത്തിനെ കുറിച്ച് ഒരു യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നത്.
ബംഗളൂരു നഗരത്തിൽ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ടാക്സി ഡ്രൈവർമാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും വീഡിയോകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അതിനിടയിലാണ് എല്ലാവരും അങ്ങനല്ലെന്ന് കാണിക്കുന്ന വീഡിയോ വൈറലായിരിക്കുന്നത്. നമുക്ക് ഈ ലോകത്തോടുള്ള വിശ്വാസവും സ്‌നേഹവും കൂടാൻ ചിലരുടെ പ്രവൃത്തികൾ ധാരാളമാണെന്നും യുവതി പറയുന്നുണ്ട്.
മോഡലും നടിയുമായ യോഗിത റാത്തോഡ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിയായ ഇവർ ഷൂട്ടിനായാണ് ബെംഗളൂരുവിൽ എത്തിയത്. എന്നാൽ യാത്രയ്ക്കിടയിൽ തനിക്ക് വിശന്നപ്പോൾ കാബ് ഡ്രൈവർ സാൻഡ്‌വിച്ച് വാങ്ങിത്തന്നുവെന്നാണ് യോഗിത പറയുന്നത്. ‘ബെംഗളൂരുവിൽ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വളരെ മനോഹരമായ ഒരു അനുഭവം ഉണ്ടായി’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്.
Also Read: ബെംഗളൂരുവിൽ തിരക്ക് കുറയില്ല, പ്രശ്നങ്ങൾ വേറെ
ഒരു ഷൂട്ടിനുശേഷം താൻ ആകെ തളന്ന് പുലർച്ചെ രണ്ട് മണിക്ക് ഫ്‌ളൈറ്റുള്ളതിനാൽ ഭക്ഷണമൊന്നും കഴിക്കാതെ എയർപോർട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ യാത്രയ്ക്കിടയിൽ വിശപ്പ് സഹിക്കാനാവാതായി. ക്യാബിൽ ഇരുന്ന് സുഹൃത്തിനോട് ഫോണിൽ സംസാരിക്കുന്നതിനിടയിൽ വിശപ്പിനെ പറ്റി പറഞ്ഞു. ‘എനിക്ക് വല്ലാതെ വിശക്കുന്നുണ്ട്. എന്റെ ഫ്‌ളൈറ്റ് പുലർച്ചെ രണ്ട് മണിക്കാണ്. ബെംഗളൂരു എയർപോർട്ട് എത്ര ദൂരയാണെന്ന് നിനക്കറിയാമല്ലോ. ഇനി എപ്പോൾ ഭക്ഷണം കഴിക്കാനാണ്’ എന്നാണ് യോഗിത സുഹൃത്തിനോട് പറഞ്ഞത്.
ഇതോടെ ക്യാബ് ഡ്രൈവർ വണ്ടി നിർത്തുകയും പുറത്തുപോയി സാൻഡ്‌വിച്ച് വാങ്ങി യോഗിതയ്ക്ക് നൽകുകയുമായിരുന്നു. ‘നിങ്ങൾ വിശപ്പിനെപ്പറ്റി പലതവണ പറയുന്നത് കേട്ട് എനിക്ക് വിഷമം തോന്നി. എന്റെ സഹോദരി വിശന്നിരുന്നാലും എനിക്ക് വിഷമം തോന്നും. നിങ്ങൾ കോളിൽ വെജ് വേണമെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ വെജിറ്റേറിയൻ വാങ്ങിയത്.’-എന്ന് ഡ്രൈവർ പറയുന്നതും വീഡിയോയിൽ കേൾക്കാനാകും. ക്യാബ് ഡ്രൈവറെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് വീഡിയോയ്ക്ക് താഴെ കമൻ്റുമായി എത്തിയിരിക്കുന്നത്.