Bengaluru: ബെംഗളൂരു മലയാളികൾ ആശങ്കയിൽ, 9 വർഷത്തിനിടെ ആദ്യമായി അത് സംഭവിക്കുന്നു….
Bangalore Weather: ബെംഗളൂരുവിലെ വായു മലിനീകരണവും ദിവസംപ്രതി വർദ്ധിച്ചുവരികയാണ്. വിഷയത്തിൽ കോൺഗ്രസ് എംഎൽസി ദിനേശ് ഗൂലി ഗൗഡ സർക്കാരിന് കത്ത് നൽകി. അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ബെംഗളൂരു ഡൽഹിയെപ്പോലെ മലിനമായേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Bengaluru City
ബെംഗളൂരു: നഗരനിവാസികളെ ആശങ്കയിലാഴ്ത്തി ബെംഗളൂരു കാലാവസ്ഥ. നഗരത്തിൽ താപനില ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡിസംബറിൽ താപനില 12 ഡിഗ്രി സെൽഷ്യസ് വരെയായി കുറഞ്ഞേക്കാമെന്നാണ് അറിയിപ്പ്. ഇങ്ങനെ സംഭവിച്ചാൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഡിസംബറിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയായിരിക്കും ഇത്.
2016-ന് ശേഷം ഡിസംബർ മാസത്തിൽ ഇത്രയും തണുപ്പ് നഗരം അനുഭവിക്കുന്നത് ഇതാദ്യമായായിരിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഏകദേശം 16 ഡിഗ്രി സെൽഷ്യസ് താപനിലയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ താപനില 12 ഡിഗ്രി സെൽഷ്യസിനും 14 ഡിഗ്രി സെൽഷ്യസിനും ഇടയിലായി നിലനിൽക്കുമെന്നാണ് പ്രവചനം. ഡിസംബറിലെ ശരാശരി താപനിലയായ 16.4 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ കുറവാണിത്.
അതേസമയം, തണുപ്പിനോടൊപ്പം ബെംഗളൂരുവിലെ വായു മലിനീകരണവും ദിവസംപ്രതി വർദ്ധിച്ചുവരികയാണ്. വിഷയത്തിൽ കോൺഗ്രസ് എംഎൽസി ദിനേശ് ഗൂലി ഗൗഡ സർക്കാരിന് കത്ത് നൽകി. അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ബെംഗളൂരു നഗരം ഡൽഹിയെപ്പോലെ മലിനമായേക്കാമെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയം പഠിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണം. പരിസ്ഥിതി ശാസ്ത്രജ്ഞർ, ഗതാഗത വിദഗ്ധർ, പൊതുജനാരോഗ്യ വിദഗ്ധർ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെയും ഗതാഗത വകുപ്പിലെയും ഉദ്യോഗസ്ഥർ എന്നിവർ ഈ സമിതിയിൽ ഉൾപ്പെടണം. നഗരത്തിനായി ഒരു സമഗ്രമായ ശുദ്ധവായു പദ്ധതി രൂപീകരിക്കണമെന്നും ദിനേശ് ഗൂലി ഗൗഡ ആവശ്യപ്പെട്ടു.