Israel-Iran Conflict: ഇസ്രയേൽ-ഇറാൻ സംഘർഷം; ‘സമാധാനം പുനഃസ്ഥാപിക്കണം’; മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു
Benjamin Netanyahu Calls PM Modi: വെള്ളിയാഴ്ച രാവിലെയാണ് ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് നെതന്യാഹു മോദിയെ ഫോണിൽ ബന്ധപ്പെടുകയും നിലവിലെ സാഹചര്യം പങ്കുവെക്കുകയും ചെയ്തത്.

ബെഞ്ചമിൻ നെതന്യാഹു, നരേന്ദ്ര മോദി
ന്യൂഡൽഹി: ഇറാനെ ആക്രമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ മോദി ആശങ്ക അറിയിച്ചു. മേഖലയിൽ എത്രയുംവേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും നെതന്യാഹുവിനോട് മോദി അഭ്യർത്ഥിച്ചു. പ്രശ്ന പരിഹാരത്തിന് നയതന്ത്ര മാർഗങ്ങൾ ഉപയോഗപ്പെടുത്തണം എന്നും പിന്തുണ നൽകാൻ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് നെതന്യാഹു മോദിയെ ഫോണിൽ ബന്ധപ്പെടുകയും നിലവിലെ സാഹചര്യം പങ്കുവെക്കുകയും ചെയ്തത്. അതിനിടെയാണ് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചത്. നെതന്യാഹു ഫോണിൽ ബന്ധപ്പെട്ട വിവരം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ മോദി തന്നെ പങ്കുവെച്ചിട്ടുമുണ്ട്.
മോദി പങ്കുവെച്ച പോസ്റ്റ്:
Received a phone call from PM @netanyahu of Israel. He briefed me on the evolving situation. I shared India’s concerns and emphasized the need for early restoration of peace and stability in the region.
— Narendra Modi (@narendramodi) June 13, 2025
ഇറാനിൽ ഉണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായും 329 പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനവാസ മേഖലകളും ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന പേരിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ആണവ കേന്ദ്രങ്ങൾ, ബാലിസ്റ്റിക് മിസൈൽ ഫാക്ടറികൾ, സൈനിക കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമിച്ചതെന്ന് നെതന്യാഹു അറിയിച്ചു. ആക്രമണത്തിൽ സൈനിക മേടവിയും ആറ് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായാണ് വിവരം.
ALSO READ: വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതെന്ന് അറിയുമോ? വദഗ്ധർ പറയുന്നത് ഇങ്ങനെ
ഇറാനെ ആക്രമിച്ചതിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായും സംസാരിച്ചിരുന്നു. ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ 100 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. ആണവ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാന് വീണ്ടും നാശമുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ രാജ്യങ്ങളിലെയും എംബസികൾ അടച്ചിടാൻ ഇസ്രായേൽ തീരുമാനിച്ചിട്ടുണ്ട്.