Bihar Election 2025: ‘ഞാന്‍ കാരണം കോണ്‍ഗ്രസിന് വോട്ട് ലഭിക്കാതിരിക്കരുത്’; തെരഞ്ഞെടുപ്പ് കഴിഞ്ഞതും പാര്‍ട്ടിവിട്ട് മുന്‍മന്ത്രി
Shakeel Ahmad Congress Resignation: പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമല്ല, മറിച്ച് പാര്‍ട്ടിയിലെ ചില വ്യക്തികളുമായുള്ള വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്നാണ് താന്‍ രാജിവെക്കാനുള്ള തീരുമാനം എടുത്തതെന്ന് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
പട്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് മുന്‍ കേന്ദ്രമന്ത്രി ഡോ.ഷക്കീല്‍ അഹമ്മദ്. തന്റെ തീരുമാനം പാര്‍ട്ടിയ്ക്ക് വോട്ട് ലഭിക്കുന്നതിനുള്ള സാധ്യതകളെ ബാധിക്കാതിരിക്കാനാണ് തെരഞ്ഞെടുപ്പ് അവസാനിക്കും വരെ കാത്തിരുന്നതെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അതീവ ദുഃഖത്തോടെയാണ് താന്‍ രാജിവെക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ അഹമ്മദ് വ്യക്തമാക്കി.
“ഞാന്‍ നേരത്തെ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പ് ശേഷം മാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു, ഇപ്പോഴിതാ പ്രഖ്യാപിച്ചിരിക്കുന്നു. പോളിങ്ങിന് മുമ്പ് തെറ്റായ സന്ദേശങ്ങള്‍ പുറത്തുവരരുതെന്നും അല്ലെങ്കില്‍ ഞാന്‍ കാരണം പാര്‍ട്ടിക്ക് അഞ്ച് വോട്ടുകള്‍ പോലും നഷ്ടപ്പെടരുതെന്നും ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമല്ല, മറിച്ച് പാര്‍ട്ടിയിലെ ചില വ്യക്തികളുമായുള്ള വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളില്‍ നിന്നാണ് താന്‍ രാജിവെക്കാനുള്ള തീരുമാനം എടുത്തതെന്ന് അഹമ്മദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അഞ്ച് തവണ എംഎല്‍എയും എംപിയുമായ നേതാവാണ് അഹമ്മദ്.




ഇപ്പോഴുള്ള വേര്‍പിരിയല്‍ താന്‍ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ഗ്രൂപ്പിലോ ചേരുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ല. തനിക്ക് അങ്ങനെയൊരു ഉദ്ദേശമില്ല. തന്റെ പൂര്‍വ്വികരെ പോലെ കോണ്‍ഗ്രസിന്റെ നയങ്ങളിലും തത്വങ്ങളിലും തനിക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. തന്റെ ജീവിതകാലം മുഴുവന്‍ ആ മൂല്യങ്ങളുടെ അഭ്യുദയകാംക്ഷിയും പിന്തുണക്കാരനുമായി പ്രവര്‍ത്തിക്കും. തന്റെ അവസാന വോട്ടും കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2023 ഏപ്രില്‍ 16ന് അയച്ച കത്തിലൂടെ ഭാവിയില്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് താന്‍ പാര്‍ട്ടിയെ അറിയിച്ചതാണ്. കാനഡയില്‍ താമസിക്കുന്ന തന്റെ മക്കള്‍ക്കും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് അഹമ്മദ് പറയുന്നു. അനാരോഗ്യം കാരണം തനിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ കഴിഞ്ഞില്ല. പക്ഷെ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിക്കുമെന്നും നമ്മുടെ സഖ്യം ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.