SIR: എസ്ഐആര്‍ സമ്മർദ്ദം; സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി
BLO Death Alleging Mental Stress From SIR Duty: ഇന്ന് രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാൻ ആവുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

അരവിന്ദ് വധേർ
ഗാന്ധിനഗർ: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ ദേവ്‌ലി സ്വദേശിയും ഛര കന്യ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനുമായി അരവിന്ദ് വധേർ (39) ആണ് മരിച്ചത്. ആത്മഹത്യക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാൻ ആവുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്‌ഐആർ ജോലികളിൽ ക്ഷീണിതനും മാനസിക ബുദ്ധിമുട്ടിലുമാണ്. ഇങ്ങനെ ചെയ്യുകയല്ലാതെ മറ്റ് വഴികളില്ല’ എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ALSO READ: തമിഴ്‌നാട്ടിൽ എസ്.ഐ.ആർ പ്രതിഷേധം ആളിക്കത്തുന്നു; റവന്യൂ ഉദ്യോഗസ്ഥർ പണിമുടക്കിലേക്ക്
അതേസമയം, എസ്ഐആറിലെ ജോലി സമ്മർദ്ദത്തിൽ ജീവനൊടുക്കുന്ന ബിഎൽഒമാരുടെ എണ്ണം വർദ്ധിക്കുകയാണ്. കേരളത്തിലും രാജസ്ഥാനിലുമുള്ള ബിഎൽഒമാർ ജീവനൊടുക്കിയിരുന്നു.
പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആയിരുന്നു അനീഷ്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു ജീവനൊടുക്കിയത്. സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപോര്‍ട്ട് തേടിയിരുന്നു.
( നിരാകരണം: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയോ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുകയോ ചെയ്യാം. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)