Himachal school caste discrimination: ദളിത് വിദ്യാർഥിയുടെ പാന്റിനുള്ളിലേക്ക് തേളിനെ ഇട്ട് അധ്യാപകർ, ഒപ്പം ജാതീയമായി അധിക്ഷേപവും
Caste Discrimination in Himachal School: മർദനത്തെ തുടർന്ന് കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വരികയും ഒരു ഘട്ടത്തിൽ കർണപടം തകരാറിലാവുകയും ചെയ്തെന്നാണ് വിവരം. സ്കൂളിലെ മറ്റ് വിദ്യാർഥികൾക്കൊപ്പം ദലിത് വിദ്യാർഥികളെ ഇരുത്തി ആഹാരം നൽകാറില്ലെന്നും പിതാവ് ആരോപിക്കുന്നു.

Caste Discrimination In Himachal School
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ സർക്കാർ സ്‌കൂളിലെ ഒരു ദലിത് വിദ്യാർഥിക്ക് നേരെ പ്രധാനാധ്യാപകനും മറ്റ് അധ്യാപകരും ചേർന്ന് ക്രൂരമായ അതിക്രമവും ജാതീയ അധിക്ഷേപവും നടത്തിയതായി പരാതി. കുട്ടിയെ മർദിക്കുകയും പാന്റിനുള്ളിലേക്ക് തേളിനെ ഇടുകയും ചെയ്തു എന്നാണ് ആരോപണം. ഷിംല ജില്ലയിലെ റോഹ്രു സബ് ഡിവിഷനിലുള്ള ഖദ്ദാപാനി സർക്കാർ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.
അധ്യാപകർ കുട്ടിയെ സ്കൂളിലെ ശുചിമുറിയിലേക്കു കൊണ്ടുപോയ ശേഷം ബലമായി വസ്ത്രം അഴിപ്പിച്ച് പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടതായി പിതാവ് ആരോപിച്ചു. പ്രധാനാധ്യാപകൻ ദേവേന്ദ്ര, അധ്യാപകരായ ബാബു റാം, കൃതിക ഠാക്കൂർ എന്നിവർ ഒരു വർഷമായി മകനെ പതിവായി മർദിക്കുന്നു എന്നാണ് പിതാവിന്റെ പരാതി. മർദനത്തെ തുടർന്ന് കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വരികയും ഒരു ഘട്ടത്തിൽ കർണപടം തകരാറിലാവുകയും ചെയ്തെന്നാണ് വിവരം. സ്കൂളിലെ മറ്റ് വിദ്യാർഥികൾക്കൊപ്പം ദലിത് വിദ്യാർഥികളെ ഇരുത്തി ആഹാരം നൽകാറില്ലെന്നും പിതാവ് ആരോപിക്കുന്നു.
സംഭവത്തിൽ പോലീസിൽ പരാതിപ്പെടുകയോ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്താൽ ചുട്ടുകൊല്ലും എന്ന് ഹെഡ്മാസ്റ്റർ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ കുടുംബം പറയുന്നു. ഈ സംഭവത്തിൽ മൂന്ന് അധ്യാപകർക്കുമെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ആൺകുട്ടിയുടെ വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റിയതിനും, കുട്ടിയുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾക്കും എസ്‌സി /എസ്ടി അതിക്രമങ്ങൾ തടയൽ നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.