Cheetah Cub Death: കാട്ടിലേക്ക് വിട്ടിട്ട് ഒരു ദിവസം മാത്രം; കുനോ ദേശീയോദ്യാനത്തിൽ ചീറ്റക്കുഞ്ഞ് ചത്തു
Kuno National Park Cheetah Cub Death: രാത്രിയിൽ അമ്മയിൽ നിന്നും വേർപിരിഞ്ഞ കുഞ്ഞുങ്ങളിൽ ഒന്നിനെ മണിക്കൂറുകൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമെ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Cheetah Cub Death
ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിൽ കഴിഞ്ഞ ദിവസം കാട്ടിലേക്ക് വിട്ട രണ്ട് ചീറ്റക്കുഞ്ഞുങ്ങളിൽ ഒന്ന് ചത്തു. ഇതിനെ ചത്ത നിലയിൽ കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വീര എന്ന പെൺ ചീറ്റയുടെ കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം കാട്ടിലേക്ക് തുറന്നുവിട്ടത്. ഏകദേഷം 10 മാസം പ്രായമുള്ളവയാണ് രണ്ടും. അന്താരാഷ്ട്ര ചീറ്റ ദിനമായ വ്യാഴാഴ്ച, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് പെൺ ചീറ്റയായ വീരയെയും രണ്ട് കുഞ്ഞുങ്ങളെയും തുറന്നുവിട്ടത്.
രാത്രിയിൽ അമ്മയിൽ നിന്നും വേർപിരിഞ്ഞ കുഞ്ഞുങ്ങളിൽ ഒന്നിനെ മണിക്കൂറുകൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമെ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം വീരയും മറ്റൊരു കുട്ടിയും ജീവനോടെയുണ്ടെന്നും അവർ പ്രകൃതിയുമായി ഇണങ്ങിയതായും അധികൃതർ വ്യക്തമാക്കി.
Also Read: പ്രോജക്ട് ചീറ്റ രണ്ടാം ഘട്ടത്തിലേക്ക്? അതിജീവനം എങ്ങനെ
കുനോ ദേശീയോദ്യാനത്തിൽ ഇപ്പോൾ 28 ചീറ്റപ്പുലികളാണുള്ളത്. അതിൽ എട്ടെണ്ണം മുതിർന്നവയും (5 പെൺ ചീറ്റകളും 3 ആണും) മറ്റുള്ളവ രാജ്യത്ത് തന്നെ ജനിച്ച 20 കുഞ്ഞുങ്ങളുമാണ്. ഇവരെല്ലാം ആരോഗ്യവാന്മാരാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്നാണ് ആദ്യമായി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് എട്ട് ചീറ്റപ്പുലികളെ എത്തിച്ചത്. പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ടെണ്ണത്തെ കൂടി കൊണ്ടുവന്നു.
ഇന്ത്യയുടെ അഭിമാന പദ്ധതിയായ പ്രോജക്ട് ചീറ്റയുടെ ഭാഗമായി ഈ വർഷം അവസാനത്തോടെ കൂടുതൽ ചീറ്റകളെ രാജ്യത്തെത്തിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെനിയ, ബോട്സ്വാന, നമീബിയ തുടങ്ങിയ രാജ്യങ്ങളുമായി ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിച്ചുവരികയാണെന്നാണ് വിവരം. ഇന്ത്യയിലെ ചീറ്റക്കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് 61 ശതമാനത്തിലധികമാണ്, ഇത് 40 ശതമാനം എന്ന ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണെന്നത് പുതിയ ഘട്ടം ആരംഭിക്കാനുള്ള വഴി തുറന്നുകാട്ടുകയായിരുന്നു.