Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
Delhi Metro’s Central Vista Project Updates: ഡൽഹി മെട്രോയുടെ ഫേസ് 5എ ഘട്ടത്തിന് കീഴിൽ 12,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സെൻട്രൽ വിസ്ത കോറിഡോറിന്റെ പണികൾ പുരോഗമിക്കുന്നു. ആർകെ ആശ്രം - ഇന്ദ്രപ്രസ്ഥ കോറിഡോറിന് കീഴിലുള്ള ആദ്യത്തെ 4 സ്റ്റേഷനുകളുടെയും ഇന്റർചേഞ്ചിന്റെയും നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യം ആരംഭിച്ചത്.
ന്യൂഡല്‍ഹി: ഡൽഹി മെട്രോയുടെ ഫേസ് 5എ ഘട്ടത്തിന് കീഴിൽ 12,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സെൻട്രൽ വിസ്ത കോറിഡോറിന്റെ പണികൾ പുരോഗമിക്കുന്നു. ആർകെ ആശ്രം – ഇന്ദ്രപ്രസ്ഥ കോറിഡോറിന് കീഴിലുള്ള ആദ്യത്തെ 4 സ്റ്റേഷനുകളുടെയും ഇന്റർചേഞ്ചിന്റെയും നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യം ആരംഭിച്ചത്. ഇത് സെൻട്രൽ വിസ്ത കോറിഡോറിന്റെ ഭാഗമായിരിക്കും. ഇത് പൂര്‍ത്തിയാകുന്നതോടെ ഭാരത് മണ്ഡപം, സുപ്രീം കോടതി, ഡൽഹി ഹൈക്കോടതി, കേന്ദ്ര സെക്രട്ടേറിയറ്റ്, മറ്റ് സർക്കാർ ഓഫീസുകൾ, കോളേജുകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.
സെൻട്രൽ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഓഫീസ്, പുതിയ പാർലമെന്റ് മന്ദിരം, മറ്റ് കേന്ദ്ര സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നേരിട്ടുള്ള മെട്രോ കണക്റ്റിവിറ്റിയുടെ വലിയ നേട്ടമാണ് സെന്‍ട്രല്‍ വിസ്ത കോറിഡോര്‍ പദ്ധതിയിലൂടെ ലഭിക്കുന്നത്.
സെന്‍ട്രല്‍ വിസ്ത കോറിഡോര്‍
ശിവാജി സ്റ്റേഡിയം, യുഗേ യുഗീൻ ഭാരത്, സെൻട്രൽ സെക്രട്ടേറിയറ്റ്, കർത്തവ്യ പഥ് എന്നീ പ്രധാന സ്റ്റേഷനുകൾ തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ പ്രാരംഭ ഘട്ടത്തിൽ സെൻട്രൽ വിസ്ത കോറിഡോറിന് കീഴിൽ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതോടെ സെൻട്രൽ ഡൽഹിക്ക് ചുറ്റുമുള്ള മെട്രോ കണക്റ്റിവിറ്റി വര്‍ധിക്കും.
Also Read: Chennai Metro: ട്രെയിൻ ഇറങ്ങി നേരെ ഷോപ്പിംഗിന് പോകാം! വൻ പദ്ധതിയുമായി ചെന്നൈ മെട്രോ
ഡൽഹി മെട്രോയുടെ പുതിയ സെൻട്രൽ വിസ്ത കോറിഡോറിനെയും, കേന്ദ്ര സെക്രട്ടേറിയറ്റ് – കിഷൻഗഡ് കോറിഡോറിനെയും കൂട്ടിയിണക്കി 4 പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകൾ നിര്‍മ്മിക്കും. സെൻട്രൽ സെക്രട്ടേറിയറ്റ്, മോതി ബാഗ് ഇന്റർചേഞ്ച്, ആർകെ പുരം, കിഷൻഗഡ് ഇന്റർചേഞ്ച് എന്നിവയാണ് ഈ സ്‌റ്റേഷനുകള്‍.
മന്ത്രിസഭയുടെ അംഗീകാരം
ഡൽഹി മെട്രോയുടെ ഫേസ് 5എ പദ്ധതിക്ക് കീഴിൽ ഡിസംബറിൽ ക്യാബിനറ്റ് മൂന്ന് കോറിഡോറുകൾക്ക് അംഗീകാരം നൽകിയിരുന്നു. ഏറോസിറ്റി – ഐ.ജി.ഐ ടെർമിനൽ, സരിത വിഹാർ ഡിപ്പോ – കാളിന്ദി കുഞ്ച് കോറിഡോറുകളുടെ പണികളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്. ഏകദേശം 12,015 കോടി രൂപയാണ് ഫേസ് 5എ മെട്രോ പദ്ധതിയുടെ ആകെ ചെലവ്.
പുതിയ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ സെൻട്രൽ വിസ്തയോടൊപ്പം പശ്ചിമ ഡൽഹി, വടക്കൻ ഡൽഹി, പഴയ ഡൽഹി, സെൻട്രൽ ഡൽഹി എന്നിവ തമ്മിലുള്ള കണക്റ്റിവിറ്റി ശക്തമാകും. ഇത് മധ്യ ഡൽഹിയിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഫേസ് 5എയ്ക്ക് ശേഷം, ഡൽഹി മെട്രോ ഫേസ് 5ബിയും ആരംഭിക്കും. 97 കിലോമീറ്ററിലായി പരന്നുകിടക്കുന്ന 7 പുതിയ റൂട്ടുകളും 65 മെട്രോ സ്റ്റേഷനുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഫേസ് 5ബി പ്രോജക്റ്റിനായി 48,000 കോടി രൂപ ചെലവ് വരും എന്നാണ് കണക്കാക്കുന്നത്.
സെൻട്രൽ വിസ്ത മെട്രോ പ്രോജക്റ്റ് വരുന്നതോടെ ഡൽഹി മെട്രോയിലെ രാജീവ് ചൗക്കിലെ തിരക്ക് കുറയും. 9.9 കിലോമീറ്റർ നീളമുള്ള ഈ കോറിഡോറിൽ 4 ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും. ഇത് യാത്രക്കാർക്ക് മറ്റ് റൂട്ടുകൾ തിരഞ്ഞെടുക്കുന്നതിന് നിരവധി ഓപ്ഷനുകൾ നൽകുമെന്നതാണ് പ്രത്യേകത.
English Summary
Work has started on Delhi Metro’s new 12,000-crore Central Vista Corridor under Phase 5A. The 10-km RK Ashram-Indraprastha route will provide direct connectivity to Parliament and the Supreme Court. This project will feature four major interchange stations, transforming Central Secretariat into a triple interchange hub. The new line will significantly reduce daily commuter traffic and congestion at Rajiv Chowk.