Delhi Blast: പൊട്ടിത്തെറിച്ച കാർ മൂന്ന് മണിക്കൂറിലധികം പാർക്ക് ചെയ്തു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Delhi Blast CCTV Footage: പാർക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ കാറിനുള്ളിൽ ഉണ്ടായിരുന്ന വ്യക്തിയുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ മുഖം വ്യക്തമായി കാണാമെങ്കിലും പിന്നീട് മുഖം മറച്ച ഒരാളാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത്.

കാറിന്റെ സിസിടിവി ദൃശ്യം
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപത്ത് പൊട്ടിത്തെറിച്ച കാറിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാർ സ്ഫോടനത്തിന് മുമ്പ് മുമ്പ് മൂന്ന് മണിക്കൂറിലധികം പാർക്ക് ചെയ്തിരുന്നതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നിർണ്ണായക വിവരങ്ങൾ
ഹരിയാന രജിസ്ട്രേഷനുള്ള (HR 26CE7674) ഹ്യുണ്ടായ് i20 കാർ, റെഡ് ഫോർട്ടിന് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് മൂന്ന് മണിക്കൂറിലധികം നിർത്തിയിട്ടിരുന്നതായി കണ്ടെത്തി. കാർ ഉച്ചയ്ക്ക് 3:19-ന് പ്രവേശിക്കുകയും 6:30-ഓടെ പുറപ്പെടുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്ഫോടനം നടന്നത്.
പാർക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ കാറിനുള്ളിൽ ഉണ്ടായിരുന്ന വ്യക്തിയുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ മുഖം വ്യക്തമായി കാണാമെങ്കിലും പിന്നീട് മുഖം മറച്ച ഒരാളാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത്.
ALSO READ: ഡൽഹിയിൽ സംഭവിച്ചതെന്ത്? പരിക്കേറ്റവരുടെ ശരീരത്തിൽ ബോംബ് ചീളുകളോ ക്ഷതമോ ഇല്ലെന്ന് പൊലീസ്
കാർ പാർക്ക് ചെയ്തിരുന്ന സമയത്ത് ചാവേറെന്ന് സംശയിക്കപ്പെടുന്ന വ്യക്തി ഒരു നിമിഷം പോലും കാറിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഇയാൾ ആർക്കോ വേണ്ടി അല്ലെങ്കിൽ നിർദ്ദേശങ്ങൾക്കായോ കാത്തിരുന്നതായിരിക്കാം എന്നും പോലീസ് വൃത്തങ്ങൾ പറയുന്നു. ദേശീയ തലസ്ഥാനത്തെ തിരക്കേറിയ റോഡിൽ കാർ ഓടിച്ചുപോകുന്നതിൻ്റെ മറ്റൊരു ചിത്രവും ലഭ്യമായിട്ടുണ്ട്. ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്നാണ് കാര്‍ അവസാനമായി നഗരത്തിലേക്ക് പ്രവേശിച്ചത്.
സംഭവത്തെ ഭീകരാക്രമണമായാണ് പൊലീസ് സംശയിക്കുന്നത്. ഫോറൻസിക് തെളിവുകളും രഹസ്യാന്വേഷണ വിവരങ്ങളും ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. അതേസമയം, കാർ സ്ഫോടനം നടന്നതിന്റെ 50 കിലോമീറ്റർ അകലെ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.