Delhi Blast: ‘വളരെ ശാന്തസ്വഭാവം, പുസ്തകപ്പുഴുവായിരുന്നു, ഏക പ്രതീക്ഷയും അവൻ’; ചാവേറെന്ന് സംശയിക്കുന്ന ഉമറിന്റെ സഹോദര ഭാര്യ
Delhi Red Fort Blast: ഉമറിന് ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടായിരുന്ന കാര്യം തങ്ങൾക്ക് അറിയില്ലെന്നാണ് കുടുംബം പറയുന്നത്. വീട്ടിൽ ശാന്ത സ്വഭാവമായിരുന്നുവെന്നും ഉമറൊരു പുസ്തകപുഴുവായിരിന്നുവെന്നും സഹോദരന്റെ ഭാര്യ പറഞ്ഞു. ഉമറിൻ്റെ കശ്മീരിലെ വീട്ടിലെത്തിയ പോലീസ് ഇയാളുടെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു.
ന്യൂഡൽഹി: 12 പേരുടെ മരണത്തിന് ഇടയാക്കിയ ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ കുടുംബം കസ്റ്റഡിയിൽ. ഫരീദാബാദ് ഭീകര സംഘത്തിലുൾപ്പെട്ട ഡോ. ഉമർ മുഹമ്മദാണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചതെന്നാണ് ഡൽഹി പോലീസ് വൃത്തങ്ങൾ പറയുന്നത്. ഉമറിൻ്റെ കശ്മീരിലെ വീട്ടിലെത്തിയ പോലീസ് ഇയാളുടെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു.
എന്നാൽ ഉമറിന് ഏതെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടായിരുന്ന കാര്യം തങ്ങൾക്ക് അറിയില്ലെന്നാണ് കുടുംബം പറയുന്നത്. വീട്ടിൽ ശാന്ത സ്വഭാവമായിരുന്നുവെന്നും ഉമറൊരു പുസ്തകപുഴുവായിരിന്നുവെന്നും സഹോദരന്റെ ഭാര്യ പറഞ്ഞു. പഠനത്തിൽ തൽപരനായ ഒരു ചെറുപ്പക്കാരനായിരുന്നു അവൻ. അവൻ്റെ ഭൂരിഭാഗം സമയവും പുസ്തകങ്ങൾക്കൊപ്പമായിരുന്നു. അവൻ എങ്ങനെയാണ് ഒരു ഭീകരസംഘടനയുടെ ഒപ്പമെത്തിയെന്ന് അറിയില്ല അവർ പറഞ്ഞു.
ALSO READ: ഉമര്‍ മുഹമ്മദ് വൈറ്റ് കോളര്‍ ഭീകരവാദത്തിന്റെ കണ്ണി; ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിക്കും
‘കഴിഞ്ഞ വെളളിയാഴ്ചയാണ് ഉമർ മുഹമ്മദുമായി അവസമാനമായി സംസാരിച്ചിട്ടുള്ളത്. രണ്ട് മാസം മുൻപാണ് ഉമർ വീട്ടിലേക്ക് വന്നുപോയത്. ഡോക്ടറായി ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു, ഇത്തരമൊരു പശ്ചാത്തലമുള്ളതായി യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല്. വളരെ കഷ്ടപ്പെട്ടാണ് അവനെ പഠിപ്പിച്ച് ഡോക്ടറാക്കിയത്. വീട്ടിൽ വരുന്ന കാര്യത്തെ പറ്റി ചോദിച്ചപ്പോൾ, പരീക്ഷകൾ നടക്കുകയാണെന്നും ലൈബ്രറിയിൽ ഇരുന്ന് പഠിക്കുകയാണെന്നുമാണ് പറഞ്ഞത്. കുടുംബത്തിൻ്റെ ഏക പ്രതീക്ഷ അവനായിരുന്നു. കേൾക്കുന്ന വാർത്തകൾ അവിശ്വസനീയമാണെന്നും സഹോദരൻ്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്ഫോടനം നടന്നത്. ഹ്യുണ്ടായ് ഐ20 കാർ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ 12 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സാവധാനത്തിൽ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിന് ശേഷമാണ് സ്‌ഫോടനം ഉണ്ടായതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് കേന്ദ്രം ഉറപ്പ് നൽകുന്നത്.