Dharmasthala Mass Burial: മൃതദേഹം കുഴിച്ചിടുന്നതു കണ്ടു; വെളിപ്പെടുത്തലുമായി സ്ത്രീ, ദുരൂഹത ഒഴിയാതെ ധർമസ്ഥല
Dharmasthala Mass Burial Case Latest Update: കഴിഞ്ഞ ദിവസം ആറുപേർ ഇത്തരത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. നേത്രാവതി സ്നാനഘട്ടിന് സമീപം രേഖപ്പെടുത്തിയ 13–ാം സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നെന്നാണ് ഇവർ അന്വേഷണസംഘത്തിനു മൊഴി നൽകിയത്.

Dharmasthala
ധർമസ്ഥല: കർണാടകയിലെ ധർമസ്ഥലയിലെ ദുരൂഹതകൾ മുറുക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്ത്രീ. ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടതായാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ. പ്രത്യേക അന്വേഷണസംഘത്തിൻ്റെ അടുത്തെത്തിയാണ് സ്ത്രീ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാർ വനമേഖലയ്ക്കടുത്ത് ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവർ പറയുന്നത്. മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകിയതായും അന്വേഷണസംഘത്തിന് സ്ത്രീ മൊഴി നൽകിയതായാണു പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസം ആറുപേർ ഇത്തരത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. നേത്രാവതി സ്നാനഘട്ടിന് സമീപം രേഖപ്പെടുത്തിയ 13–ാം സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നെന്നാണ് ഇവർ അന്വേഷണസംഘത്തിനു മൊഴി നൽകിയത്. നദിക്ക് സമീപം കുഴിയെടുത്താൽ വെള്ളം ഗതിമാറിയെത്തും എന്നതിനാൽ, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എത്തിച്ചായിരിക്കും ഇവിടെ അന്വേഷണ സംഘം പരിശോധന നടത്തുക.
അതേസമയം ഇന്നലെ ധർമസ്ഥല ക്ഷേത്രകവാടത്തിനുള്ളിൽ കുഴിയെടുത്ത് പരിശോധിച്ചെങ്കിലും സംശയാസ്പദമായ തരത്തിൽ ഒന്നും കണ്ടെത്താനായില്ല. ആദ്യമായാണ് ക്ഷേത്രകവാടത്തിനുള്ളിൽ കയറി പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ ബാഹുബലിബെട്ട എന്ന പ്രതിഷ്ഠയുടെ തൊട്ടടുത്താണ് ഇന്നലെ പരിശോധന നടത്തിയത്. ഇന്ന് പരിശോധനയുണ്ടാകില്ലെന്നാണ് അറിയാൻ കഴിയുന്നത്. നാളെ മുതൽ വീണ്ടും തുടരും.
അതിനിടെ ധർമസ്ഥലയിലെ വെളിപ്പെടുത്തലിൽ മാധ്യമവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേട്ടില്ല. ഹർജിയിൽ രണ്ടാഴ്‌ചക്കകം തീരുമാനമെടുക്കാൻ ബംഗളൂരുവിലെ വിചാരണ കോടതിക്ക് നിർദേശം നൽകികൊണ്ട് സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു. വാർത്തകളിൽ ധർമ്മസ്ഥല ട്രസ്റ്റും ട്രസ്റ്റുമായി ബന്ധപ്പെട്ടവരുടെ പേരും ഉപയോഗിക്കരുതെന്ന് കാണിച്ചാണ് ഹർജി നൽകിയത്.
ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറി ഡി ഹർഷേന്ദ്ര കുമാറാണ് ഹർജി നൽകിയത്. നേരത്തെ ബംഗളൂരു സിറ്റി അഡിഷണൽ സെഷൻസ് കോടതി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ എണ്ണായിരത്തിലധികം വാർത്താലിങ്കുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.